23 July, 2018 10:15:55 PM


വള്ളം മുങ്ങി കാണാതായ മാധ്യമസംഘത്തിന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി

നേവിയുടെ മുങ്ങല്‍ വിദഗ്ധരെത്തി ചൊവ്വാഴ്ച തെരച്ചില്‍ പുനരാരംഭിക്കും




വൈക്കം: എഴുമാംതുരുത്തിന് സമീപം കെ.വി.കനാലില്‍ വള്ളം മുങ്ങി കാണാതായ മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിലെ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍  രാത്രി എട്ടര മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി. ഇന്ന് ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇതുവരെ തെരച്ചില്‍ നടത്തിയത്. നാളെ രാവിലെ വീണ്ടും തെരച്ചില്‍ തുടരും. നേവിയുടെ മുങ്ങല്‍ വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്തെത്തും.

വൈക്കം എഴുമാന്തുരുത്തില്‍ മുണ്ടാറും കരിയാറും ചേരുന്ന ഭാഗമായ കെ.വി.കനാലില്‍ പാറേക്കോളനിയ്ക്ക് കിഴക്കുവശം ഇന്ന് പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പാറേക്കോളനിയില്‍ വെള്ളപ്പൊക്കകെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് മാതൃഭൂമി തലയോലപ്പറമ്പ് ലേഖകനും ആപ്പാഞ്ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ വട്ടശേരില്‍ സജി (45), മാതൃഭൂമി ചാനല്‍ സംഘവുമായെത്തിയ കാറിന്‍റെ ഡ്രൈവര്‍ ബിപിന്‍ (23) എന്നിവരെയാണ് കാണാതായത്.

ഒറ്റപ്പെട്ടു കിടക്കുന്ന മുണ്ടാര്‍ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച്  മടങ്ങുകയായിരുന്നു സംഘം. വള്ളത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരനെയും  തിരുവല്ല ബ്യൂറോയിലെ ക്യാമറമാന്‍ അഭിലാഷിനേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വള്ളക്കാരന്‍ അഭിലാഷും രക്ഷപെട്ടു. മൂവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ടൂറിസം സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഭവം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരേയും അദ്ദേഹം സന്ദര്‍ശിച്ചു. എം.എല്‍.എ മാരായ സി. കെ ആശ, സുരേഷ് കുറുപ്പ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, മുന്‍ എം.എല്‍.എ  വി.എന്‍ വാസവന്‍  എന്നിവര്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കി. 

- രാജേഷ് കടുത്തുരുത്തി



Share this News Now:
  • Google+
Like(s): 739