23 July, 2018 03:55:43 PM


വൈക്കത്തിനടുത്ത് മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മുങ്ങി; രണ്ട് പേരെ കാണാനില്ല

മാതൃഭൂമി ന്യൂസ് ചാനല്‍ സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍ പെട്ടത്




വൈക്കം: വെള്ളപ്പൊക്കകെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. ഒറ്റപ്പെട്ടു കിടക്കന്ന മുണ്ടാര്‍ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച്  മടങ്ങവെ മാതൃഭൂമി ന്യൂസ് ചാനല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞായിരുന്നു അപകടം. മാതൃഭൂമി ന്യൂസ് ചാനലിന്‍റെ കടുത്തുരുത്തി സ്ട്രിംഗറും ആപ്പാഞ്ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ വട്ടശേരില്‍ സജി (45), മാതൃഭൂമി ന്യൂസ് ചാനല്‍ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിന്‍ (23)  എന്നിവരെയാണ് കാണാതായത്.

വള്ളത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരനെയും  തിരുവല്ല ബ്യൂറോയിലെ ക്യാമറമാന്‍ അഭിലാഷിനേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വള്ളക്കാരന്‍ അഭിലാഷും രക്ഷപെട്ടു. മൂവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

വൈക്കം എഴുമാന്തുരുത്ത് മുണ്ടാറിനടുത്ത് കരിയാറില്‍ പാറേക്കോളനിയ്ക്ക് കിഴക്കുവശം കരിയാറില്‍ ഇന്ന് പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പാറേക്കോളനിയില്‍ പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനായി പോയി മടങ്ങവെ ആയിരുന്നു അപകടം. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാല് മണിക്കും തുടരുകയാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്‌കൂബ ഡൈബേഴ്‌സ്, നേവി എന്നിവരാണ് തിരച്ചില്‍ നടത്തുന്നത്.

ടൂറിസം സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഭവം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരേയും അദ്ദേഹം സന്ദര്‍ശിച്ചു. എം.എല്‍.എ മാരായ സി. കെ ആശ, സുരേഷ് കുറുപ്പ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, മുന്‍ എം.എല്‍.എ  വി.എന്‍ വാസവന്‍  എന്നിവര്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കി. 

- രാജേഷ് കടുത്തുരുത്തി



Share this News Now:
  • Google+
Like(s): 728