22 July, 2018 09:01:22 PM


ഏറ്റുമാനൂര്‍ നഗരത്തില്‍ പട്ടാപകല്‍ വീട് കുത്തിതുറന്ന് മോഷണം

ഇരുപത് പവനും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷണം പോയി





ഏറ്റുമാനൂര്‍ : നഗരമധ്യത്തില്‍ പട്ടാപകല്‍ വീട് കുത്തി തുറന്ന് മോഷണം. എസ്എഫ് എസ് സ്‌കൂളിന് സമീപം താമസിക്കുന്ന ഡോ.ലിഡിയാ ജോര്‍ജിന്റെ വസതിയില്‍ ഞായറാഴ്ച രാവിലെ 9.30നും പതിനൊന്നിനും ഇടയ്ക്കായിരുന്നു സംഭവം. വീട്ടുകാര്‍ രാവിലെ പള്ളിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ കതകുകള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നതായി വ്യക്തമായത്.

ഇരുപത് പവനും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. കോട്ടയം ജില്ലാ പോലീസ് മോധാവിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരങ്ങളിലെ സിസിടിവി കാമറകള്‍ പരിശോധിച്ചുവരികയാണ് പോലീസ്. അതേസമയം മോഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. 

ഏറ്റുമാനൂരില്‍ അടുത്തിടെ മോഷണം വര്‍ദ്ധിച്ചുവരുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച് പട്ടാപകല്‍ മോഷണം അരങ്ങേറിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശക്തിനഗറില്‍ രണ്ട് കടകളിലും സൂപ്പര്‍മാര്‍ക്കറ്റിലും രണ്ട് കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളിലും മോഷണം നടന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം പെരുകിയതോടെ മോഷണവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നാട്ടില്‍ വര്‍ദ്ധിച്ചു. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളി കടന്നുപിടിച്ചിട്ടും പരാതിയും തെളിവും ഇല്ലെന്ന കാരണത്താല്‍ പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണവും നിലനില്‍ക്കുകയാണ്.



Share this News Now:
  • Google+
Like(s): 550