22 July, 2018 12:03:10 AM
ഗസ്സയില്‍ ആക്രമണം: ഇസ്റാഈല്‍ സൈനികനെ വെടിവച്ചു കൊന്നു; നാലു പേര് കൊല്ലപ്പെട്ടു
ആക്രമണം ഹമാസ് പോരാളികളെ കേന്ദ്രീകരിച്ചെന്ന് ഇസ്റാഈല്‍ വാദം

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്റാഈലിന്റെ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധത്തിനു നേരെയാണ് ആക്രമണം നടത്തിയത്. 120 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിനിടെ ഗസ്സയില്‍ നിന്നുള്ള വെടിവയ്പ്പില്‍ ഒരു ഇസ്റാഈലി സൈനികന് കൊല്ലപ്പെട്ടു. മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇസ്റാഈലി സൈനികന് കൊല്ലപ്പെടുന്നത്. ഇതോടെ ഇസ്റാഈല്‍ ആക്രമണം കടുപ്പിക്കുകയായിരുന്നു.
വെടിവയ്പ്പിനു പുറമേ വ്യോമാക്രമണവും ശക്തമാക്കിയതോടെ കൂടുതല്‍ ആളപായങ്ങളുണ്ടായി. ഹമാസ് പോരാളികളെ കേന്ദ്രീകരിച്ചാണ് ആക്രമണമെന്നാണ് ഇസ്റാഈല്‍ വാദം. തങ്ങളുടെ സൈനികനെ കൊന്നത് ഹമാസാണെന്ന് പറഞ്ഞാണ് ആക്രമണം കടുപ്പിച്ചത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച ഇരുവരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തി. ഗസ്സ മുനമ്പ് ഭരിക്കുന്ന ഹമാസാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര, യു.എന്‍ സഹായത്തോടെ പ്രദേശത്ത് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ധാരണയായതായി ഹമാസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 30നു ഗസ്സ - ഇസ്റാഈല്‍ അതിര്‍ത്തിയില്‍ തുടങ്ങിയ പ്രതിഷേധത്തിലേക്ക് തുടര്‍ച്ചായി ഇസ്റാഈല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനകം 140 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 16,000ത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.