21 July, 2018 11:48:59 PM


വലിയ വീടും കാറുമുള്ളവര്‍ക്ക് ക്ഷേമപെന്‍ഷനില്ല; ധനവകുപ്പ് ഉത്തരവിറക്കി

42,17,097 പേരാണു നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത്



തിരുവനന്തപുരം: കാറും വീടുമുള്ളവരെ സര്‍ക്കാരിന്‍റെ സാമുഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. 1,200 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുള്ളവരെയും ടാക്‌സിയല്ലാത്ത 1000 സി.സി.യില്‍ കൂടുതല്‍ എന്‍ജിനുള്ള വാഹനം ഉപയോഗിക്കുന്നവരെയുമാണ് ഒഴിവാക്കിയത്.


42,17,097 പേരാണു നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത്. പുതിയ തീരുമാനത്തോടെ ലക്ഷക്കണക്കിനാളുകള്‍ പട്ടികയില്‍ നിന്നു പുറത്താകും. അതേസമയം, അംഗപരിമിത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു സാമൂഹ്യസുരക്ഷ പെന്‍ഷന് അര്‍ഹതയുണ്ട്. ഇവര്‍ക്കും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും 600 രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കും. നിലവിവുള്ള 3.4 ലക്ഷം അപേക്ഷകള്‍ ഉടന്‍ പരിഗണിക്കും.


അപേക്ഷ സൂക്ഷ്മമായി പരിശോധിക്കാതെ അനര്‍ഹര്‍ക്കു പെന്‍ഷന്‍ അനുവദിച്ചാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അതിനിടെ, പുതിയ അപേക്ഷരെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നൊഴിവാക്കുന്നതു പഞ്ചായത്ത്, നഗരസഭാ കൗണ്‍സിലിന്റെ അനുമതിയോടെ വേണമെന്നു പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഓണത്തിനു മുമ്പു പട്ടികയിലുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും. ഇതിനായി 1,733 കോടി രൂപ ധനവകുപ്പു മാറ്റി വച്ചു.


പരമ്പരാഗത മേഖലയിലെ വേതനം ഉറപ്പാക്കല്‍ പദ്ധതിയില്‍ 42 കോടി രൂപ അനുവദിച്ചു. ഖാദിത്തൊഴിലാളികള്‍ക്ക് 16.80 കോടിയും, ടെക്‌സ്‌റ്റൈല്‍സ്, ഹാന്‍ഡ്‌ലൂം തൊഴിലാളികള്‍ക്ക് 1.89 കോടിയും, ഈറ്റ, കാട്ടുവള്ളി തൊഴിലാളികള്‍ക്ക് 2.40 കോടിയും, കൈത്തറി തൊഴിലാളികള്‍ക്ക് 1.83 കോടിയും, ബീഡി, സിഗാര്‍ തൊഴിലാളികള്‍ക്ക് 80 ലക്ഷം രൂപയും, കയര്‍ത്തൊഴിലാളികള്‍ക്ക് 18.37 കോടിയും ഓണത്തിനു മുമ്പ് അക്കൗണ്ടുവഴി വിതരണം ചെയ്യാന്‍ ധനവകുപ്പ് അനുമതി നല്‍കി.



Share this News Now:
  • Google+
Like(s): 306