21 July, 2018 11:15:42 PM


മഴക്കെടുതി: കോട്ടയം ജില്ലയില്‍ കെ.എസ്.ഇ.ബിയ്ക്ക് നഷ്ടം 86 ലക്ഷം

തകരാറിലായ മുഴുവന്‍ വൈദ്യുതിബന്ധവും ഞായറാഴ്ച പുനസ്ഥാപിക്കും




കോട്ടയം: മഴക്കെടുതി മൂലം ജില്ലയില്‍ കെ.എസ്.ഇ.ബിയ്ക്ക് 86 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായും തകരാറിലായ മുഴുവന്‍ വൈദ്യുതി ബന്ധങ്ങളും ഞായറാഴ്ച കൊണ്ട് തന്നെ പൂര്‍ണ്ണമായും പുനസ്ഥാപിക്കുമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. 134 ഹൈടെന്‍ഷന്‍ പോസ്റ്റുകളും (11 കെ.വി) 608 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞു വീണിട്ടുണ്ട്. വെള്ളം കയറിയ പ്രദേശത്തെ 72 ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു. ഇതില്‍ 60 ടോന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.


ഇതുകൂടാതെ 3434 വൈദ്യുതിലൈനുകള്‍ ജില്ലയിലെ പലഭാഗങ്ങളിലായി പൊട്ടി വീണിട്ടുണ്ട്.  ഇവ പുനസ്ഥാപിച്ചു വരുന്നു. 1.23 ലക്ഷം ഉപഭോക്താക്കളെ വൈദ്യുതി തടസം ബാധിച്ചിട്ടുണ്ട്. ഇതില്‍ 3000 ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്കാണ് ഇനിയും വൈദ്യുതി തടസം നേരിട്ടു കൊണ്ടിരിക്കുന്നത്. ഞായറാഴ്ച തന്നെ ഇവര്‍ക്കുള്ള വൈദ്യുതി പുനസ്ഥാപിച്ച് നല്‍കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് കെ.എസ്.ഇ.ബി. ഇതിനായി സ്ഥിരജീവനക്കാരെയും കരാര്‍ ജീവനക്കാരെയും കൂടാതെ വകുപ്പില്‍ നിന്ന് വിരമിച്ച് പോയ ജീവനക്കാരുടെ സേവനം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 136