21 July, 2018 08:58:06 PM


പിന്തുണയ്ക്കുന്നവര്‍ക്കു നേരെ സൈബര്‍ ആക്രമണം; എസ് ഹരീഷിന്‍റെ 'മീശ' പിന്‍വലിച്ചു

സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന ആരോപണവുമായി അസഭ്യവര്‍ഷം



കോഴിക്കോട്: എസ് ഹരീഷിന്‍റെ 'മീശ' എന്ന നോവലില്‍ സ്ത്രീ വിരുദ്ധത ആരോപിക്കപ്പെടുകയും വലിയ വിവാദമാവുകയും ചെയ്തതോടെ നോവല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. നോവലില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളുടെ പേരില്‍ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുന്നവര്‍ക്കുനേരെ നടക്കുന്നത് കടുത്ത സൈബര്‍ ആക്രമണമാണ്.



ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ ആക്രമിക്കുമെന്ന തരത്തിലാണ് വെല്ലുവിളികള്‍. എന്നാല്‍ എഴുത്തുകാരനെതിരായ വ്യക്തിഹത്യയേയും ഭീഷണിയേയും എതിര്‍ക്കുന്ന ഹിന്ദു സ്ത്രീകളേയും സൈബര്‍ അക്രമികള്‍ വെറുതേ വിടുന്നില്ല. സോഷ്യല്‍ മീഡിയ പേജുകളില്‍ അശ്ലീലവും ഭീഷണിയും മുഴക്കി ഇവര്‍ അതിക്രമം അഴിച്ചുവിടുന്നു.


നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്‍റെ ഭാഗം വേര്‍തിരിച്ച് ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്നും വിശ്വാസികളായ സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമായിരുന്നു ആരോപണം. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ.


നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹരീഷിനെതിരെ വലിയ ആക്രമണം നവമാധ്യമങ്ങളിലും നടന്നു വരികയാണ്. ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ സഹിതം ചേര്‍ത്തായിരുന്നു പ്രചരണം. തന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്ന തരത്തില്‍ ആക്രമണം ഉണ്ടായതുകൊണ്ടാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ് വ്യക്തമാക്കി. തനിക്കും കുടുംബത്തിനും ചില സംഘടനകളുടെ നിരന്തര ഭീഷണിയുണ്ടെന്നും ഹരീഷ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 98