20 July, 2018 09:47:54 PM


സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്: യു.എ.പി.എ ചുമത്തുന്ന കാര്യം ആലോചനയില്‍

വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് സര്‍ക്കാര്‍




കൊച്ചി: സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ യു.എ.പി.എ ചുമത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സീരിയല്‍ നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഇവര്‍ നിര്‍മ്മിച്ച കള്ളനോട്ട് സാങ്കേതിക നിലവാരം ഉള്ളതാണ്. ഇത് നിര്‍മ്മിക്കുന്നതിന് വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.


ഇവരുടെ വസതിയില്‍ നിന്ന് കള്ളനോട്ടും, നോട്ടടി യന്ത്രവും പൊലിസ് പിടികൂടിയിരുന്നു. കേസില്‍ നാലും അഞ്ചും പ്രതികളാണ് നടിയും സഹോദരിയും. തങ്ങള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും ഒരു വര്‍ഷത്തിലധികമായി എറണാകുളത്ത് ഫ്ലാറ്റിലാണ് താമസമെന്നും ഇവര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. തൊടുപുഴ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അറസ്റ്റിലായ ഇവരുടെ മാതാവ് രമാദേവി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.



Share this News Now:
  • Google+
Like(s): 83