20 July, 2018 09:45:06 PM


രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; വെള്ളിയാഴ്ച ഇടിഞ്ഞത് ഡോളറിനെതിരെ 69.12 ആയി

ഈ വര്‍ഷം രൂപയുടെ മൂല്യം കുറഞ്ഞത് എട്ടു ശതമാനം



മുംബൈ: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ 69.12 ആയാണ് മൂല്യമിടിഞ്ഞത്. വ്യാഴാഴ്ച മാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഇത്രയും ഇടിയാന്‍ കാരണമായത്. ഇതിനുമുമ്പ് ജൂണ്‍ 28നാണ് രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കിലേക്കെത്തിയത്. അന്ന് ഒരു ഡോളറിന് 69.10 രൂപയായിരുന്നു.എന്നാല്‍ ആര്‍.ബി.ഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.


ഈ വര്‍ഷം രൂപയുടെ മൂല്യം എട്ടു ശതമാനമാണ് കുറഞ്ഞത്. ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറന്‍സിയായി രൂപ മാറി. കഴിഞ്ഞവര്‍ഷത്തില്‍ നവംബര്‍ 24നാണ് രൂപയുടെ മൂല്യം ഏറ്റവും മോശമായത്. അന്ന് ഡോളറൊന്നിന് 68.86 രൂപയായിരുന്നു. 2013 ഓഗസ്റ്റ് 28ന് രൂപയുടെ മൂല്യം 68.82ലും എത്തി. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ധനവും സംഘര്‍ഷസാഹചര്യങ്ങളും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഇടിവിന് ആക്കംകൂട്ടി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും തിരിച്ചടിയായി.



Share this News Now:
  • Google+
Like(s): 116