20 July, 2018 07:21:53 PM


പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് കേരള എന്നായിരിക്കും ഇനി അറിയപ്പെടുക



തിരുവനന്തപുരം: കേന്ദ്ര ഖനമന്ത്രാലയത്തിന്‍റെ കീഴിലായിരുന്ന പാലക്കാട് ഇന്‍സ്ട്രുമെന്‍റെഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. രണ്ട് യൂനിറ്റ് ഉള്‍പ്പെട്ട കമ്പനി 1993 മുതല്‍ ബി.ഐ.എഫ്.ആര്‍ (ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീകണ്‍സെഷന്‍) ക്കു വിട്ടു നല്‍കിയിരുന്നു. മാതൃകമ്പനിയായ രാജസ്ഥാനിലെ കോട്ട യൂനിറ്റ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചത് മൂലം കമ്പനി ഇവിടെ അടച്ചുപൂട്ടിയിരുന്നു.


തുടര്‍ന്ന് കമ്പനി ഏറ്റെടുക്കുന്നതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി നാലംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 76.63 കോടി രൂപയുടെ ആസ്തിയും 23.61 കോടി രൂപയുടെ ബാധ്യതകളുമാണ് നിലവില്‍ കമ്പനിക്കുള്ളതായി കണക്കാക്കിയിട്ടുള്ളത്. ജീവനക്കാരുടെ വേതനവും കുടിശ്ശികയുമടക്കമുള്ള കാര്യങ്ങള്‍ നിലവിലെ കോടതി വിധിയനുസരിച്ച് ഒത്തു തീര്‍പ്പാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇനി മുതല്‍ ഇന്‍സ്ട്രുമെന്‍റെഷന്‍ ലിമിറ്റഡ് കേരള എന്നായിരിക്കും സ്ഥാപനം അറിയപ്പെടുക.



Share this News Now:
  • Google+
Like(s): 100