20 July, 2018 07:21:15 PM


റാഫേല്‍ കരാര്‍: സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുമെന്ന് ഫ്രാന്‍സ്

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ സുഹൃത്തിന് 45000 കോടിയുടെ നേട്ടമെന്ന് രാഹുല്‍



ദില്ലി: റാഫേല്‍ കരാര്‍ വിഷയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതോടെ വിശദീകരണവുമായി ഫ്രാന്‍സ്. കരാര്‍ വിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് ഫ്രാന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. "ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഞങ്ങള്‍ കണ്ടു. സുരക്ഷാ, പ്രതിരോധ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008 ല്‍ കരാറിലേര്‍പ്പെട്ടതാണ്. ഈ കരാറിലെ ധാരണകള്‍ 2016 സെപ്തംബര്‍ 23ന് ഒപ്പുവച്ച റാഫേല്‍ ഇടപാടിനും ബാധകമാണ്. ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാവില്ല"- ഫ്രാന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.


"റാഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടിയാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. ഞാന്‍ ഫ്രഞ്ച് പ്രസിഡന്‍റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു കരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മറുപടി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി. 35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനുസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ല."- ഇതായിരുന്നു രാഹുലിന്‍റെ ആരോപണം



Share this News Now:
  • Google+
Like(s): 119