20 July, 2018 01:29:25 PM


കെവിന്‍ വധം: അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നീനുവിന്‍റെ മനോരോഗം: മെഡിക്കല്‍ ബോര്‍ഡ് വേണമെന്ന ആവശ്യം തള്ളി





ഏറ്റുമാനൂര്‍: കെവിന്‍ വധക്കേസില്‍ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ പിതാവ് ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ചാക്കോയാണ് പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍  ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 


അതേസമയം, കെവിന്റേത് കൊലപാതകമാണെന്ന് പൊലീസ് പോലും പറയുന്നില്ലെന്ന ചാക്കോയുടെ വാദം കോടതി നിരസിച്ചു. കെവിന്‍ തന്നോട് പണം ചോദിച്ചിരുന്നുവെന്ന് ചാക്കോ കോടതിയില്‍ പറഞ്ഞു. പിതാവ് എന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. ചാക്കോ കോടതിയില്‍ വ്യക്തമാക്കി. താന്‍ ഹൃദ്രോഗിയാണെന്ന് കൂടി ചൂണ്ടികാട്ടിയാണ് ചാക്കോ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ കോടതി തള്ളിയിരുന്നു.


ഇതിനിടെ നീനുവിന് മനോരോഗമുണ്ടെന്നും അത് തെളിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയും തള്ളി. നീനുവിനെ ചികിത്്സിച്ചുവെന്ന് പ്രതിഭാഗം പറഞ്ഞ ഡോ.വൃന്ദയുടെ റിപ്പോര്‍ട്ടില്‍ നീനുവിനെ തന്റെയടുത്ത് കൗണ്‍സിലിംഗിന് കൊണ്ടുവന്നിരുന്നു എന്ന കാര്യം മാത്രമാണ് സൂചിപ്പിച്ചിരുന്നത്. കഴിഞ്ഞ മേയ് മാസം 28ാം തീയതിയാണ് കെവിന്റെ മൃതദേഹം ചാലിക്കരയാറ്റില്‍ കണ്ടെത്തിയത്. നീനുവുമായി പ്രണയത്തിലായിരുന്ന കെവിനെ നീനുവിന്റെ അച്ഛനും സഹോദരനുമടക്കം 14 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 125