19 July, 2018 10:48:09 AM


യാചിച്ചു കഴിയുന്നവരെ മഴയില്‍ സഹായിക്കാനെത്തി; കണ്ടെത്തിയത് 1,30,755 രൂപ

തലയണയ്ക്കിടയിലും ബാഗിലും പെട്ടിയിലുമായി കണ്ടത് മുഷിഞ്ഞ നോട്ടുകള്‍



തൃശ്ശൂർ: യാചിച്ച് കഴിയുന്ന അമ്മയും മകളും മാത്രം താമസിക്കുന്ന വീട് മഴയിൽ തകരുന്നു എന്ന് വിവരംകിട്ടി സഹായം നൽകാൻ പോയതാണ് കൗൺസിലർ ജോൺ ഡാനിയേലും കോർപ്പറേഷനിലെ ജീവനക്കാരും. പാട്ടുരായ്ക്കലിലെ വിയ്യൂർ റോസ് ബസാറിലെ വീട്ടിലെത്തിയപ്പോൾ തകരുന്ന വീടിന് പുറത്തായിരുന്നു അമ്മയും മകളും. അവർക്ക് ബുദ്ധിസ്ഥിരതയില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും സഹായിക്കാനെത്തിയവർ വീടിനകത്ത് കടന്നു. തകർന്ന് വീഴാറായ വീട്ടിലെ വൃത്തികേടുകൾ മാറ്റാൻ ‍തുടങ്ങിയപ്പോഴാണ് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നോട്ടുകൾ കണ്ടത്. പോലീസിനെയും തഹസിൽദാരെയും വില്ലേജ് ഒാഫീസറെയും വിവരം അറിയിച്ചു.


പരിശോധനയില്‍ തലയണയ്ക്കിടയിലും ബാഗിലും പെട്ടിയിലുമായി കണ്ടെത്തിയ തുക മുഴുവൻ കണ്ടെത്തിയപ്പോഴേക്കും രാത്രി പതിനൊന്ന് കഴിഞ്ഞു. ചുരുട്ടിയും അഴുക്ക് പിടിച്ചും കീറിയും കിടന്നിരുന്ന നോട്ടുകൾ പിന്നീട് എല്ലവരും ചേർന്ന് എണ്ണിത്തുടങ്ങി. വൈകീട്ട് എണ്ണിത്തീർന്നപ്പോൾ മണി ആറ്. തുക 1,30,755 രൂപ. പത്തിന്റെ പഴകിയ നോട്ടുകളാണേറെയും. ഇൗ തുക തഹസിൽദാർ ട്രഷറിയിൽ അടയ്ക്കാനായി രേഖപ്പെടുത്തി. മുക്കാൽ ഭാഗവും ഇടിഞ്ഞ് വൈദ്യുതി ബന്ധമില്ലാത്ത വീട്ടിൽ കഴിയുന്ന അമ്മയേയും മകളേയും സുരക്ഷിത സ്ഥാനത്തെത്തിക്കുകയായി അടുത്ത നടപടി. ഇതിനായി കോർപ്പറേഷന്റെ ആശാഭവനിൽ ബന്ധപ്പെട്ടു. നേരം ഇരുട്ടും മുന്പ് അമ്മയേയും മകളേയും കോർപ്പറേഷന്റെ വണ്ടിയിൽ കയറ്റി ആശാഭവനിലെത്തിച്ചു.



Share this News Now:
  • Google+
Like(s): 140