18 July, 2018 05:21:57 PM


താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട 12 തായ് കുട്ടികളും ആശുപത്രി വിട്ടു

ജൂണ്‍ 23നാണ് ഗുഹയ്ക്കകത്ത് 12 കുട്ടികളും പരിശീലകനും പ്രവേശിച്ചത്




ബാങ്കോങ്: താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു. ആശുപത്രി വിടാനൊരുങ്ങുന്ന കുട്ടികളുടേയും കോച്ചിന്റെയും ചിത്രവും പുറത്തെത്തിയിട്ടുണ്ട്. ഗുഹയ്ക്ക് പുറത്തെത്തിയ കുട്ടികളെ കാണാന്‍ ആദ്യദിവസങ്ങളില്‍ അവരുടെ മാതാപിതാക്കളെപ്പോലും അനുവദിച്ചിരുന്നില്ല. അണുബാധയെ പേടിച്ചാണ് അവരെ കുട്ടികളുടെ അടുത്തേക്കു പോലും വിടാതിരുന്നത്.


ജൂണ്‍ 23നാണ് പത്ത് കിലോ മീറ്റര്‍ നീളമുള്ള താം ലുവാങ് ഗുഹയ്ക്കകത്ത് 'വൈല്‍ഡ് ബോഴ്‌സ്' ഫുട്‌ബോള്‍ ക്ലബിലെ 12 കുട്ടികളും പരിശീലകനും പ്രവേശിച്ചത്. ഫുട്‌ബോള്‍ പരിശീലനത്തിനായി ഇവിടെയെത്തിയതായിരുന്നു സംഘം. എന്നാല്‍, ഇവര്‍ അകത്തു പ്രവേശിച്ച ശേഷം പെയ്ത കനത്ത മഴയില്‍ ഗുഹയിലേക്കു വെള്ളം ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഗുഹാമുഖം ചെളിയും മാലിന്യവും നിറഞ്ഞ് അടയുകയും ചെയ്തു. തുടര്‍ന്ന് ഗുഹയ്ക്കകത്തെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് നാലു കിലോമീറ്റര്‍ അകലെ പട്ടായ ബീച്ച് എന്ന് അറിയപ്പെടുന്ന ഉയര്‍ന്ന സ്ഥലത്ത് സംഘം അഭയം പ്രാപിക്കുകയായിരുന്നു.


അധികം വൈകാതെ വിദേശ രാജ്യങ്ങളില്‍നിന്ന് വിദഗ്ധ സംഘമെത്തി രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തി. ഒന്‍പതു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രിട്ടീഷ് നീന്തല്‍ വിദഗ്ധരായ ജോണ്‍ വോളന്തനും റിച്ചാര്‍ഡ് സ്റ്റാന്റനും ചേര്‍ന്നു ഗുഹയ്ക്കകത്തു കുട്ടികളെ കണ്ടെത്തിയത്. രാത്രി വൈകിയും കുട്ടികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവില്‍ താം ലുവാങ് ഗുഹയ്ക്കു മുന്നില്‍ കുട്ടികള്‍ സഞ്ചരിച്ച സൈക്കിളുകള്‍, ബാഗുകള്‍, ഷൂ, ബൂട്ട് എന്നിവ കണ്ടെത്തി. ചിയാങ് റായ് വനത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്നാണു തിരച്ചില്‍ നടത്തിയത്. 


പുറത്ത് മഴ കനത്തതിനാല്‍ നാലു കുട്ടികളെ പുറത്തെത്തിക്കാന്‍ നാലു മാസമെടുക്കുമെന്നായിരുന്നു ആദ്യം അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍ അത്ഭുതകരമായി ജൂലൈ എട്ടിന് ഞായറാഴ്ച നാലു കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. തിങ്കളാഴ്ചയും നാലുപേരെ കൂടി രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംഘട്ടത്തിലാണു ബാക്കി അഞ്ചുപേരെ കൂടി പുറത്തെത്തിച്ചു ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.



Share this News Now:
  • Google+
Like(s): 181