18 July, 2018 04:55:41 PM


കാന്‍റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു എന്ന പരാതി: പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം നല്‍കി

ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മ്യൂസിയം പൊലീസ്



തിരുവനന്തപുരം: കാന്‍റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം നല്‍കി. പി സി ജോര്‍ജിനെ പ്രതിയാക്കി മ്യൂസിയം പൊലീസാണ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഭക്ഷണം നല്‍കാന്‍ വൈകിയതിന് പി.സി.ജോര്‍ജ്ജും സഹായി തോമസ് ജോര്‍ജ്ജും ചേര്‍ന്ന് കുടുംബശ്രീ കഫേയിലെ ജീവനക്കാരനായിരുന്ന മനുവിനെ മര്‍ദിച്ചുവെന്നാണ് കേസ്. 

കാന്‍റീനില്‍ നിന്ന് മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. ചോറെത്തിക്കാന്‍ 20 മിനിട്ട് താമസമുണ്ടായി. ചോറും കൊണ്ട് മുറിയില്‍ ചെല്ലുമ്പോള്‍ പി.സി.ജോര്‍ജ്ജ് കാന്‍റീനില്‍ വിളിച്ച് ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്ത വിളിച്ചെന്നും മുഖത്ത് അടിച്ചെന്നുമാണ് മനു പറഞ്ഞത്. പരിക്കേറ്റ മനു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവത്രേ. എന്നാല്‍, താന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഭക്ഷണം ലഭിക്കാന്‍ വൈകിയപ്പോള്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 151