18 July, 2018 09:32:27 AM


ടോള്‍ പ്ലാസയില്‍ വാഹനം കടത്തിവിടാന്‍ താമസം; ബാരിയര്‍ വലിച്ചൊടിച്ച് എം.എല്‍.എ

തൃശൂര്‍ ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തതില്‍ പി.സി.ജോര്‍ജിന് അഭിനന്ദനപ്രവാഹം



തൃശ്ശൂര്‍: ടോള്‍ പ്ലാസയില്‍ യാത്രക്കാരെ അനധികൃതമായി പിടിച്ചുനിര്‍ത്തിയതില്‍ പി.സി.ജോര്‍ജ് എം.എല്‍.എയുടെ പ്രതിഷേധം. എം.എല്‍.എ ആണെന്ന് പറഞ്ഞിട്ടും കടത്തിവിടാതെ താഴ്ത്തിയിട്ടിരുന്ന ബാരിയര്‍ അടിച്ചുതകര്‍ത്ത ശേഷം യാത്ര തുടര്‍ന്ന പി.സി.ജോര്‍ജിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍  ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. 

കോഴിക്കോട് നിന്നും ഈരാറ്റുപേട്ടയ്ക്കുള്ള യാത്രാമധ്യയായിരുന്നു സംഭവം. ട്രയിന്‍ റദ്ദാക്കിയതിനാല്‍ കാറെടുത്തു പോരികയായിരുന്നു എംഎല്‍എ. അദ്ദേഹം സഞ്ചരിച്ച കാറില്‍ എംഎല്‍എ എന്ന് മുന്നിലും പിന്നിലും എഴുതി വെച്ചിട്ടുണ്ടായിരുന്നു. വളരെ അത്യാവശ്യമായി പോകുകയാണ്, കടത്തിവിടണമെന്ന് ഡ്രൈവര്‍ പറഞ്ഞിട്ടും ടോള്‍ പ്ലാസയിലെ ജീവനക്കാരന്‍ കേട്ട ഭാവം നടിച്ചില്ല.

ഇതിനകം തന്‍റെ പിന്നില്‍ ഒട്ടനവധി വാഹനങ്ങള്‍ നിരന്നുവെന്നും ജീവനക്കാരന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കാറില്‍ നിന്നിറങ്ങി നടന്നുവന്ന് ബാരിയര്‍ വലിച്ചൊടിച്ച ശേഷം യാത്ര തുടരുകയായിരുന്നുവെന്നും എംഎല്‍എ പറയുന്നു. പിന്നിലെത്തിയ വാഹനങ്ങളിലെ യാത്രക്കാര്‍ ജീവനക്കാരെ അടിക്കുവാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാല്‍ അതിനെ മറികടക്കാനുള്ള സ്വാതന്ത്ര്യം ഏത് പൗരനുമുണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.  

എംഎല്‍എയ്ക്കൊപ്പം ഡ്രൈവറടക്കം മറ്റു മൂന്ന് പേരും കാറിലുണ്ടായിരുന്നു. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പോലീസ് നിഷേധിച്ചു. തങ്ങള്‍ക്ക് ആളെ മനസിലാകാത്തതിനാല്‍ സംഭവിച്ചതാണെന്ന് ജീവനക്കാര്‍ പറഞ്ഞതല്ലാതെ ആരും പരാതി നല്‍കിയിട്ടില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും പുതുക്കാട് പോലീസ് കൈരളി ന്യൂസിനോട് പറഞ്ഞു. ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ക്കെതിരെ നേരത്തെ പലവട്ടം പരാതി ഉയര്‍ന്നിരുന്നതാണ്. നിരവധി സമരങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 385