18 July, 2018 09:27:00 AM


ഗ്രേറ്റര്‍ നോയിഡയില്‍ 2 കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നു





ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ 2 കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു. നിര്‍മാണത്തിലിരുന്ന ആറു നില കെട്ടിടം സമീപത്തെ നാലു നില കെട്ടിടത്തിന്റെ മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഗ്രേറ്റര്‍ നോയിഡയിലെ ഷാ ബേരി വില്ലേജില്‍ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടൊണ് അപകടം ഉണ്ടായത്.


നാലു നില കെട്ടിടത്തില്‍ 18 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ദേശീയ ദുരന്തനിവാരണ സേന തിരച്ചില്‍ നടത്തുകയാണ്. ബിസ്‌റാഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളതാണ് കെട്ടിടം. നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടത്തിനുള്ളില്‍ 12 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. 


ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. സംഭവത്തെ പറ്റി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ വഴിയിലാണ് തകര്‍ന്നു വീണ കെട്ടിടങ്ങളെന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 92