16 July, 2018 10:06:12 AM


മഴ ശക്തം: ട്രെയിനിന്‌ മുകളിലും ട്രാക്കിലും മരം വീണു; ആലപ്പുഴ, കോട്ടയം വഴി ഗതാഗതം തടസപ്പെട്ടു

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ വെള്ളത്തില്‍



കൊച്ചി: മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്‌.


ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനാൽ ആലപ്പുഴ വഴിയുള്ള ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ വഴിയുള്ള ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. അധികൃതരെത്തി മരം മുറിച്ചുനീക്കിയാൽ മാത്രമേ ട്രെയിൻ ഗതാഗതം ഗതാഗതം പൂർണനിലയിലാവൂ.


കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.


കോട്ടയം-ചേര്‍ത്തല റൂട്ടില്‍ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചക്രം പടിക്ക് സമീപമാണ് മരം വീണത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക നാശമുണ്ടായി. പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. കേരള, എം.ജി സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.



Share this News Now:
  • Google+
Like(s): 400