16 July, 2018 05:13:30 AM
ഫുട്ബോള്‍: ഉപയോഗം കഴിഞ്ഞ ഫ്ളക്സുകള്‍ നിരാലംബര്‍ക്കായി ശേഖരിക്കുന്നു
ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയാണ് പദ്ധതിയുമായി രംഗത്തെത്തിയത്

കല്‍പ്പറ്റ: ലോക കാല്പന്ത് മാമാങ്കത്തിന് തിരശീല വീണു. ഇനിയിപ്പോള്‍ ഇഷ്ട ടീമുകള്‍ക്കായി ഉയര്‍ത്തിയ ഫ്ളക്സുകള്‍ മഴയും വെയിലും കൊണ്ട് വെറുതെ നശിപ്പിക്കാതെ മഴയില്‍ വിറങ്ങലിച്ച് നില്ക്കുന്ന പാവങ്ങള്‍ക്ക് കൊടുക്കുവാന്‍ അവസരം.
വയനാട്ടിലെ വിവിധ ഭാഗങ്ങളിലടക്കമുള്ള നിരവധി കുടുംബങ്ങളുടെ ദുരിത കൂരകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഫ്ലക്സ് ബാനറുകളും ബോര്‍ഡുകളും ശേഖരിക്കുകയാണ് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി. ജില്ലാ വൈസ് ചെയര്മാന് ഷമീര്‍ ചേനക്കല്‍, കെ.കെ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ളക്സ് ശേഖരിക്കുന്ന പദ്ധതിയുമായി അവര്‍ രംഗത്തെത്തിയിട്ടുള്ളത്.
വയനാട്ടിലെ നിരവധി ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത് വാസയോഗ്യമല്ലാത്ത കുടിലുകളിലാണ്. പ്ലാസ്റ്റിക് കൊണ്ടും ഓല കൊണ്ടും മറച്ച കുടിലുകളില്‍ മഴക്കാലമാകുന്നതോടെ ചോര്ച്ചയാരംഭിക്കും. നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാത്ത കൂരകളില്‍ താമസിക്കുന്നത് നാലും അഞ്ചും പേരാണ്. ആദിവാസി ക്ഷേമം പറഞ്ഞ് സര്‍ക്കാര്‍ നിരവധി പദ്ധതികളുണ്ടെങ്കിലും പലതും ലക്ഷ്യത്തിലെത്തുന്നില്ല.
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി ചിലര്‍ക്ക് വീടുയര്ന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കുടിലുകളിലാണ്. കാലവര്‍ഷം കനത്തതോടെ ദുരിതക്കയത്തിലാണിവര്‍. തിമിര്‍ത്തുപെയ്യുന്ന മഴയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്കാനെങ്കിലും ഇവര്‍ക്ക് ലോകകപ്പ് ഫ്ളക്സുകള്‍ ഉപകരിക്കും.