14 July, 2018 07:10:19 PM


കേരളത്തിലെ റെസ്റ്റ് ഹൗസുകള്‍ മാതൃകാ അതിഥിമന്ദിരങ്ങളാക്കും: മന്ത്രി ജി. സുധാകരന്‍

കോട്ടയം റസ്റ്റ് ഹൗസില്‍ പുതിയ ബ്ലോക്കിന്‍റെ നിര്‍മ്മാണം തുടങ്ങി




കോട്ടയം: കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളും ആധുനികവത്ക്കരിച്ച് മാതൃകാ അതിഥിമന്ദിരങ്ങളാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടത്തിലായിരുന്ന റസ്റ്റ് ഹൗസുകള്‍ ലാഭത്തിലാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

മെച്ചപ്പെട്ട കാന്‍റീന്‍, ജീവനക്കാര്‍ക്ക് പ്രേത്യേക യൂണിഫോം എന്നിവയെല്ലാം നടപ്പിലാക്കി റസ്റ്റ് ഹൗസുകളുടെ നിലവാരമുയര്‍ത്തി വരികയാണ്. ഇതിന്‍റെ ഭാഗമായാണ് കോട്ടയത്ത് ആധുനീക രീതിയിലുള്ള 170 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും രണ്ട് സ്യൂട്ട് മുറികളുള്‍പ്പെടെ 16 മുറികളും നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 5.90 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ടയത്ത് ഒരു ഫ്ലൈ ഓവര്‍ സംവിധാനമോ ഓവര്‍ ബ്രിഡ്‌ജോ ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, വൈസ് ചെയര്‍പേഴ്ണണ്‍ ബിന്ദു സന്തോഷ്, കൗണ്‍സിലര്‍ ഷൈലജ ദിലീപ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അന്‍സാര്‍ എം, ഡെപ്യൂട്ടി എക്‌സി. എന്‍ജിനീയര്‍ സ്മിത എസ് നായര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.



Share this News Now:
  • Google+
Like(s): 90