14 July, 2018 06:45:57 PM


പുഴയില്‍ ചാടിയ യുവതിയും കുഞ്ഞും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും ഒഴുക്കില്‍​പെട്ടു

ശനിയാഴ്ച രാവിലെ സംഭവം നടന്നത് കുടുംബകലഹത്തെ തുടര്‍ന്ന്



മൂന്നാര്‍: കുടുംബകലഹത്തെ തുടര്‍ന്ന്​ പിഞ്ചുകുഞ്ഞിനെയുംകൊണ്ട്​ യുവതി പുഴയില്‍ ചാടി. ഇവരും രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവും ഒഴുക്കില്‍പെട്ടു. വൈകീട്ട് വരെ തിരച്ചില്‍ നടത്തിയിട്ടും മൂവരെയും കണ്ടെത്താനായില്ല. മൂന്നാര്‍ കെ.ഡി.എച്ച്‌.പി പെരിയവര എസ്​റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ ടൂറിസ്​റ്റ്​ ടാക്​സി ഡ്രൈവര്‍ വിഷ്ണു (30), എസ്റ്റേറ്റ്​ തൊഴിലാളിയായ ഭാര്യ ജീവ (26), ആറു മാസം പ്രായമായ കുഞ്ഞ്​ എന്നിവരെയാണ് മൂന്നാര്‍ പെരിയവരയാറ്റില്‍ കാണാതായത്.

ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്​ച രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ഫാക്ടറി ഡിവിഷനിലെ വീടിനു മുന്നില്‍ നിന്ന്​ 10 മീറ്റര്‍ മാത്രം അകലെയാണ്​ പുഴ. വഴക്കിനിടെ കുഞ്ഞിനെയും എടുത്ത്​ ഒാടിയ ജീവ പുഴയില്‍ ചാടുകയായിരുന്നു. പിന്നാലെ വിഷ്​ണുവും ചാടി. ആഴ്​ചകളായി കനത്ത മഴയുള്ളതിനാല്‍ കവിഞ്ഞൊഴുകുന്ന പുഴയില്‍ മൂവരും മുങ്ങിത്താഴുകയായിരുന്നു. 

ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി. ദമ്പതികള്‍ ചാടിയ സ്ഥലത്തുനിന്ന്​ മൂന്ന്​ കിലോമീറ്ററിലേറെ ഫയര്‍ഫോഴ്​സും പൊലീസും നാട്ടുകാരും ചേര്‍ന്ന്​ വൈകീട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂവാറ്റുപുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്​ധരും തിരച്ചിലിനെത്തി. പെരിയവരയാര്‍ സംഗമിക്കുന്ന മുതിരപ്പുഴയാറിന്‍റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്​ തിരച്ചില്‍.

ഉച്ചവരെ തുടര്‍ന്ന ശക്തമായ മഴ തിരച്ചിലിന്​ തടസ്സമായി. ഉച്ച കഴിഞ്ഞാണ്​ മഴക്ക്​ നേരിയ ശമനമുണ്ടായത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് മൂന്നാറിലെത്തിയ വൈദ്യുതി മന്ത്രി എം.എം. മണി സംഭവ വീട് സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേവികുളം തഹസില്‍ദാര്‍ കെ.പി. ഷാജിയുടെ നേതൃത്വത്തിലാണ്​ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്​. രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഞായറാഴ്​ച​ തുടരുമെന്ന്​ പോലീസ്​ അറിയിച്ചു.



Share this News Now:
  • Google+
Like(s): 137