13 July, 2018 01:11:14 AM
'പോലീസില്‍ പിടിപ്പിക്കരുത്' ; മാപ്പപേക്ഷയോടെ മോഷ്ടിച്ച സ്വര്‍ണം തിരികെവച്ച് കള്ളന്

അമ്പലപ്പുഴ: വീടുകുത്തിത്തുറന്നു കവര്‍ന്നുകൊണ്ടുപോയ ഒന്നരപ്പവന്‍ പിറ്റേദിവസം തിരിച്ചുകൊണ്ടുവച്ച് കള്ളന്. ഒപ്പം അറിവില്ലാതെ സംഭവിച്ചതാണ്, മാപ്പാക്കണം, പോലീസിനെക്കൊണ്ടു പിടിപ്പിക്കരുത് എന്നെല്ലാം അഭ്യര്‍ഥിച്ച് ഒരു കത്തും. കള്ളനു മാനസാന്തരം വന്നതാണോ, മനസലിഞ്ഞതാണോ അതുമല്ല പേടിച്ചിട്ടാണോ എന്നറിയില്ലെങ്കിലും തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സരസുധയില്‍ മതികുമാറും കുടുംബവും ആശ്വാസത്തിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച കുടുംബസമേതം കരുവാറ്റയിലുള്ള ബന്ധുവീട്ടിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മതികുമാര്‍ പോയിപ്പോഴാണു മോഷണം. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന് അലമാര കുത്തിത്തുറന്ന് ഒന്നരപ്പവന്‍ സ്വര്‍ണം കവര്‍ന്നു. മതികുമാറിന്റെ ഭാര്യ റീനയുടെ മോതിരം, കമ്മല്‍, ലോക്കറ്റ് എന്നിവയാണു കവര്‍ന്നത്.
അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടയിലാണു കളവുപോയ സ്വര്‍ണം വ്യാഴാഴ്ച രാവിലെ ഒരു ഗ്രാം പോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളന് വീട്ടുമുറ്റത്തെത്തിച്ചത്. ഗേറ്റിന് മുന്നിലിട്ടിരുന്ന പൊതിയോടൊപ്പം മാപ്പ് ചോദിച്ചെഴുതിയ കത്തുമുണ്ടായിരുന്നു