12 July, 2018 04:39:28 PM


ഭൂമി വിട്ടുകൊടുത്ത നടപടി: ദിവ്യ അയ്യര്‍ക്ക് തെറ്റുപറ്റിയെന്ന് കളക്ടര്‍

27 സെന്‍റ് ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയത് ഏറ്റെടുക്കാന്‍ തീരുമാനം




തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയ സംഭവത്തില്‍ സബ് കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ക്ക് തെറ്റുപറ്റിയെന്ന് കളക്ടര്‍ കെ വാസുകി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍വെ, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. 27 സെന്‍റ് ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയത് നേരത്തെ വന്‍വിവാദമായിരുന്നു.



സംഭവത്തെ തുടര്‍ന്ന് ദിവ്യ എസ് അയ്യരെ സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അയിരൂര്‍ വില്ലേജിലെ 27 സെന്‍റ് പുറമ്പോക്ക് ഭൂമിയാണ് ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയത്. ഭൂമി സര്‍ക്കാരിന്‍റേതാണെന്ന് വിവിധ പരിശോധനകളില്‍ വ്യക്തമായിരുന്നു. ഭൂമിയും രേഖകളും പരിശോധിച്ച ശേഷമാണ് ഇത് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമായത്. വര്‍ക്കല എംഎല്‍എ വി ജോയി ആണ് പരാതിയുമായി റവന്യൂ മന്ത്രിയെ സമീപിച്ചത്. മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കളക്ടറോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. പരാതിക്കാരിയെയും സബ്കളക്ടറെയും കേട്ട ശേഷമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.



വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല-പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോടികളുടെ സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരിനാഥന്‍റെ കുടുംബസുഹൃത്തുകൂടിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് പതിച്ചുനല്‍കിയെന്നായിരുന്നു ആരോപണം.



സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്‍റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19 നാണ് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തത്. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.



ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിതമായ തീരുമാനം സബ്കളക്ടര്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സബ്കളക്ടര്‍ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേള്‍ക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയും ചെയ്യുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാതെയാണ് സബ് കളക്ടര്‍ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 138