11 July, 2018 11:32:50 AM


ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ

ചെന്നൈ മേഖലാ കേന്ദ്രം പ്രിൻസിപ്പൽ കമ്മിഷണറുടേതാണ് സർക്കുലർ



കൊച്ചി: ആദായനികുതി കണക്ക് സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ സർക്കുലർ. ശമ്പളക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതിയായ ജൂലായ് 31 അടുത്തതോടെയാണ് സർക്കുലർ ഇറങ്ങിയത്.


റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴയും ഏഴുവർഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്. കാലതാമസത്തിന് 10,000 രൂപയും അതിന് പുറമേ 5,000 രൂപയും പിഴയീടാക്കും. റിട്ടേൺ സമർപ്പിക്കാത്തതായി കണക്കാക്കി മൂന്നുമുതൽ ഏഴുവർഷം വരെ തടവ് ശിക്ഷ കിട്ടുമെന്നും സർക്കുലറിൽ പറയുന്നു. ആദായ നികുതി വകുപ്പ് ചെന്നൈ മേഖലാ കേന്ദ്രം പ്രിൻസിപ്പൽ കമ്മിഷണറുടേതാണ് സർക്കുലർ.


ചെന്നൈ നഗരത്തിലെ 50 ശതമാനം സർക്കാർ ഉദ്യോഗസ്ഥരും നികുതി റിട്ടേൺ നല്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയത്. റിട്ടേണിൽ ശന്പളത്തിനുപുറമേ മറ്റ് വരുമാനമുണ്ടെങ്കിൽ അത് കാണിക്കണമെന്നും നിർദേശിക്കുന്നു. ഇത് മറച്ചുവെച്ചാലും പിഴയും തടവും ലഭിക്കും. സഹകരണസ്ഥാപനങ്ങളിൽനിന്ന് കിട്ടുന്ന വരുമാനം കാണിക്കണമെന്നും പ്രത്യേകം പറയുന്നു.


ആദ്യമായാണ് നികുതിറിട്ടേൺ വൈകുന്നതിന് പിഴയീടാക്കുന്നത്. ഇൗ സാമ്പത്തികവർഷമാണ് ഇതിനായി പ്രത്യേക നിയമം പാസാക്കിയത്. ജൂലായ് 31ന് റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴ മാത്രമല്ല മാർച്ച് 31ന് ശേഷം റിട്ടേൺ സമർപ്പിക്കാനാകുകയുമില്ല



Share this News Now:
  • Google+
Like(s): 96