10 July, 2018 06:56:56 PM


പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം

കഴിഞ്ഞ മാർച്ചിൽ ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരുന്നുതിരുവനന്തപുരം: ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം. കേരളത്തിന്‍റെ വിയോജിപ്പിനെത്തുടർന്ന് ഒരിക്കൽ മന്ദഗതിയിലായ നിരോധനനീക്കം, അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും സജീവമായത്. കേരളാപോലീസ് ഇന്‍റലിജൻസും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഐ.ബി. റാണിയും നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രനീക്കം. കഴിഞ്ഞദിവസം ഓഡിയോ അവലോകന കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പോലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് വിശദവിവരങ്ങൾ തേടിയിരുന്നു. 


സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകം, ഗോരക്ഷാപ്രവർത്തനം ആരോപിച്ച് കൊല്ലം പുത്തൂരിൽ സൈനികന്‍റെ വീടാക്രമിച്ച സംഭവം, ആർ.എസ്.എസ്.-സി.പി.എം. അക്രമം ലക്ഷ്യമിട്ട് ചവറയിൽ സി.പി.എം. കൊടിമരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബി.ജെ.പി. കൊടി കെട്ടിയ സംഭവം എന്നിവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


മതതീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങൾ പങ്കുവെക്കാനും കേരളത്തിൽ തുടങ്ങിയ ഇരുന്നൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുണ്ട്. കേരളാ പോലീസിൽ രഹസ്യമായി പ്രവർത്തിക്കുന്ന 'പച്ചവെളിച്ചം' എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അതിൽ പരാമർശിക്കുന്നു.


പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തനങ്ങൾ ദേശവിരുദ്ധമാണെന്ന റിപ്പോർട്ട് കഴിഞ്ഞവർഷം അവസാനം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ നൽകിയിരുന്നു. ഇപ്പോഴത്തെ നടപടികൾക്ക് ആധാരം ഈ റിപ്പോർട്ടാണ്. 2010-ൽ മൂവാറ്റുപുഴയിൽ പ്രൊഫ. ജോസഫിന്‍റെ കൈവെട്ടിയ സംഭവം, കണ്ണൂർ നാറാത്ത് നടന്ന സായുധ പരിശീലന ക്യാമ്പ്, ബംഗളുരുവിൽ ആർ.എസ്.എസ്. നേതാവ് രുദ്രേഷിന്‍റെ കൊല, പ്രമുഖരെ കൊലപ്പെടുത്താൻനടന്ന ഗൂഢാലോചന തുടങ്ങിയവയാണ് എൻ.ഐ.എ. റിപ്പോർട്ടിൽ എടുത്തുപറഞ്ഞ വിഷയങ്ങൾ.


അതിനിടെ, കേരളത്തിന്‍റെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവം സംസ്ഥാന ഇന്‍റലിജൻസ് മേധാവി എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാറിനെ രാജ്ഭവനിൽ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി. ഇത് പതിവുസന്ദർശനമാണെന്നാണ് രാജ്ഭവൻ കേന്ദ്രങ്ങളുടെ വിശദീകരണം. കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയിൽനിന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണർ റിപ്പോർട്ട് തേടിയതെന്നറിയുന്നു.


കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി-കർണാടകം, എൻ.ഡി.എഫ്.-കേരളം, മനിത നീതി പസറൈ-തമിഴ്‌നാട്, സിറ്റിസൺസ് ഫോറം-ഗോവ, നാഗരിക് അധികാർ സുരക്ഷാസമിതി - ബംഗാൾ എന്നീ സംഘടനകൾ ചേർന്ന് പോപ്പുലർ ഫ്രണ്ട് രൂപംകൊണ്ടത് 2006-ൽ. എസ്.ഡി.പി.ഐ. പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയസംഘടനയാണ്. അഭിമന്യു കൊലക്കേസിൽ ആരോപണവിധേയമായ കാമ്പസ് ഫ്രണ്ട് വിദ്യാർഥിസംഘടനയും.


കഴിഞ്ഞ മാർച്ചിൽ ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. രാജ്യത്താകമാനം നിരോധിക്കുന്നതിന് മുന്നോടിയാണിതെന്ന് വിലയിരുത്തുന്നു. ഇതിനെതിരേ കേരളത്തിലും പോപ്പുലർ ഫ്രണ്ട് പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ ദേശവിരുദ്ധപ്രവർത്തനം നടത്തുന്നുവെന്ന പേരിലാണ് ജാർഖണ്ഡിലെ ബി.ജെ.പി. സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതെന്നതും ശ്രദ്ധേയമാണ്.Share this News Now:
  • Google+
Like(s): 252