10 July, 2018 06:55:31 PM
കോട്ടയത്ത് കാരുണ്യവഴിയിലൂടെ സര്‍വ്വീസ് നടത്തി അഞ്ച് സ്വകാര്യ ബസുകള്‍
ടിക്കറ്റ് ചാര്‍ജ് നോക്കാതെ നിര്‍ലോഭം സഹായഹസ്തം നീട്ടി യാത്രക്കാര്‍

ഏറ്റുമാനൂര്‍ : കോട്ടയത്ത് അഞ്ച് സ്വകാര്യ ബസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓടിയത് കാരുണ്യവഴിയിലൂടെ. അയര്‍കുന്നം റൂട്ടില്‍ ഒന്നും കുറുപ്പന്തറ റൂട്ടില്‍ രണ്ടും ബസുകള്‍ ഇന്നലെ സര്‍വ്വീസ് നടത്തിയപ്പോള്‍ കഴിഞ്ഞ ദിവസം കുമരകം റൂട്ടിലും രണ്ട് ബസുകള്‍ അരശരണായവര്ക്കായി സര്‍വ്വീസ് നടത്തിയപ്പോള്‍ ടിക്കറ്റ് ചാര്‍ജ് നോക്കാതെ നിര്‍ലോഭം സഹായഹസ്തം നീട്ടുന്ന കാര്യത്തില്‍ യാത്രക്കാര്‍ ഒട്ടും മടി കാണിച്ചില്ല.
സെന്റ് മേരീസ് തണ്ടാശേരില്‍ എന്ന സ്വകാര്യ ബസിന്റെ ഇന്നലത്തെ മുഴുവന്‍ വരുമാനവും ജീവനക്കാരുടെ ശമ്പളവും കാന്‍സര്‍, കിഡ്നി രോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുന്നവര്ക്കുള്ളതായിരുന്നു. അയര്‍കുന്നം - തിരുവഞ്ചൂര്‍ - കോട്ടയം റൂട്ടിലോടുന്ന ബസുകളുടെ ഉടമകളായ തണ്ടാശേരില്‍ മാത്യു എന്ന മോന്, ഷാജി എന്നിവര്‍ ചെയ്യുന്ന സേവനത്തിന് കൈതാങ്ങായി ജീവനക്കാരും ഒപ്പം കൂടി. തിരുവഞ്ചൂര്‍ തൂത്തൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയാന് കോട്ടയില്‍ മല്പനാച്ചന് ഫൗണ്ടേഷന് വഴിയാണ് ബസില്‍ നിന്നും പിരിഞ്ഞുകിട്ടുന്ന തുക അര്‍ഹരായ നിര്‍ധന രോഗികള്‍ക്ക് എത്തിക്കുന്നത്. രണ്ട് സ്വകാര്യബസുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതുപോലെ തന്നെ കാരുണ്യയാത്ര നടത്തി ഫൗണ്ടേഷന് മുഖേന ചികിത്സാ സഹായം എത്തിച്ചിട്ടുണ്ട്. 2016ല്‍ സിനായി, കോണ്‍കോര്‍ഡ് ബസുകള്‍ ഒരു ദിവസത്തെ യാത്രയിലൂടെ 61000 രൂപാ സമാഹരിച്ച് നല്‍കിയിരുന്നു.
കോട്ടയം - കുറുപ്പന്തറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദേവമാതാ ബസുകള്‍ ഇന്നലെ ഓടിയത് അതിരമ്പുഴ ചെരുവില്‍ പരേതനായ ബിജുവിന്റെ ഭാര്യ ജാന്‍സിയുടെ ചികിത്സാചെലവുകള്‍ക്ക് തുക സംഭരിക്കാനായി. കാന്‍സര്‍ രോഗിയായ ജാന്‍സി കഴിഞ്ഞ ഒമ്പതു മാസമായി തിരുവനന്തപുരം ആര്.സി.സിയില്‍ ചികിത്സയിലാണ്. ഇവരുടെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്കായി എട്ടു ലക്ഷത്തിലേറെ രൂപ ചെലവാകും. പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് മരിച്ചതിന് ശേഷം തയ്യലിലൂടെ ലഭിക്കുന്ന തുകയായിരുന്നു പതിനൊന്നും ആറും വയസുള്ള കുട്ടികളുള്ള ജാന്‍സിയുടെ ഏകവരുമാനം.
ചികിത്സയ്ക്ക് മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇവരുടെ ദുരവസ്ഥ മനസിലാക്കി അതിരമ്പുഴ മാനാട്ട് ബോബി സേവ്യര്‍ തന്റെ രണ്ട് ബസുകളും കാരുണ്യവീഥിയില്‍ ഓടിക്കാന്‍ തയ്യാറാവുകയായിരുന്നു. ഇന്ധനചെലവടക്കം എല്ലാ ചെലവുകളും ബസ് ഉടമ തന്നെ വഹിച്ചു. ഇവര്‍ക്ക് സഹായമായി അതിരമ്പുഴ മാറാമ്പ് നവോദയാ ക്ലബ് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയം - കുമരകം - ചേര്‍ത്തല റൂട്ടില്‍ എസ്.എന്‍.ടി ബസ് ഓപ്പറേറ്റേഴ്സിന്റെ രണ്ട് ബസുകള്‍ നിരത്തിലിറങ്ങിയത് പരേതനായ ഓട്ടോ ഡ്രൈവര്‍ ചെങ്ങളം ഇരുപതില്‍ അഭിലാഷിന്റെ കുടുംബത്തിന് സഹായമെത്തിക്കുവാനായിരുന്നു. കഴിഞ്ഞ മാസം 26നാണ് അസുഖം മൂലം അഭിലാഷ് മരിച്ചത്. അഭിലാഷിന്റെ വിയോഗം തൊഴില്‍രഹിതരായ ഭാര്യയെയും നാലും ഒമ്പതും വയസുള്ള രണ്ട് പെണ്‍കുട്ടികളെയും നിരാലംബരാക്കി. ഇവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ സന്തോഷ് യൂത്ത് ക്ലബിലെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയപ്പോള്‍ സ്കൂള്‍കുട്ടികളടക്കമുള്ളവര്‍ ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്കി ഉദ്യമത്തോട് സഹകരിച്ചു. 39650 രൂപാ രണ്ട് ബസുകളില്‍ നിന്നും പിരിഞ്ഞുകിട്ടി.