10 July, 2018 11:14:17 AM


യുവതിക്കെതിരെ സൈബര്‍ ആക്രമണം; ഒരാള്‍ കൂടി പിടിയില്‍

തിരുവല്ലം വണ്ടിക്കട ശാന്തിപുരം സജിഭവനില്‍ രഞ്ജുവാണ് അറസ്റ്റിലായത്




പെരിന്തല്‍മണ്ണ: സിനിമയെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ നാലാംപ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ലം വണ്ടിക്കട ശാന്തിപുരം സജിഭവനില്‍ രഞ്ജുവി(24)നെയാണ് ഐ. ടി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അങ്ങാടിപ്പുറത്തെ പി. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പേജിലാണ് അശ്ലീല കമന്റുകളും ഭീഷണിയും ഇട്ടത്. 

ഇതിനെതിരെ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് മെയ് 27ന് കേസെടുത്തിരുന്നു. അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച്‌ അപര്‍ണ ഇട്ട പോസ്റ്റിനെതിരെയാണ് ലൈംഗിക ചുവയോടെയും മാനഹാനി വരുത്തുന്ന തരത്തിലും പോസ്റ്റുകള്‍ നിറഞ്ഞതെന്ന് അപര്‍ണ പ്രശാന്തി നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ സിനിമാ നിരൂപക കൂടിയായ അപര്‍ണ പോലീസിലും സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും കമന്റുകള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



Share this News Now:
  • Google+
Like(s): 132