09 July, 2018 08:57:44 PM


ജി.എന്‍.പി.സിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി കമ്മിഷണറുടെ ഉത്തരവ്

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുക




തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ നേമം പൊലീസിനോട് നിര്‍ദ്ദേശിച്ചു. നാര്‍ക്കോട്ടിക് സെല്‍ അസിസ്‌റ്റന്റ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നത്.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ബാലാവകാശ നിയമം ലംഘിക്കുകയും മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്‌തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിനെതിരെ നേരത്തെ എക്‌സൈസ് വകുപ്പും കേസെടുത്തിരുന്നു. കേസിലെ കൂടുതല്‍ വിവരശേഖരണത്തിന് പൊലീസ് ഹൈടെക് സെല്ലിന്റെ സഹായം തേടി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് തിങ്കളാഴ്‌ച ഡി.ജി.പി ലോക് നാഥ് ബഹ്റയ്ക്ക് കത്തു നല്‍കിയിരുന്നു.

ഏത് ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഗ്രൂപ്പിന്റെ നിയന്ത്രണമെന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാനാണ് ഹൈടെക് സെല്ലിന്റെ സേവനം. ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ ഫേസ്ബുക്ക് അധികൃതര്‍ക്കും കത്തയച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് എടുക്കേണ്ട കുറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എക്സൈസ് അധികൃതര്‍ ഇന്ന് പൊലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് അഡ്മിനായ അജിത്ത്കുമാറിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.



Share this News Now:
  • Google+
Like(s): 84