09 July, 2018 03:20:58 PM
വരാപ്പുഴ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണമില്ല
ശ്രീജിത്തിന്റെ ഭാര്യ അഖിസ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡികൊലപാതകക്കേസില് സി.ബി.ഐ അന്വേഷണമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖിസ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പൊലിസ് അന്വേഷണം തൃപ്തികരമാണെന്ന സര്‍ക്കാരിന്റെ തീരുമാനം മുഖവിലയ്ക്കെടുത്തുകൊണ്ടാണ് കോടതി ഉത്തരവ്.
കൊലക്കേസുകള്‍ ഫലപ്രദമായി അന്വേഷിക്കുന്ന പ്രത്യേക ഏജന്‍സിയാണ് ക്രൈംബ്രാഞ്ച്. പൊലിസുകാര്‍ പ്രതികളായ നിരവധി കേസുകളില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തി പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുന്നതായും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു മാണ് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ വിശദീകരണം.
പൊലിസിന്റെ മര്‍ദ്ദനം മൂലം ശ്രീജിത്ത് മരിച്ച കേസ് പൊലിസ് തന്നെ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ചാണ് അഖില ഹര്‍ജി നല്‍കിയത്. ശ്രീജിത്ത് ഒരു കേസിലും മുന്‍പ് പ്രതിയായിട്ടില്ല. ഏപ്രില്‍ ആറിന് വരാപ്പുഴ സ്വദേശിയായ വാസുദേവന്റെ വീട് ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെയും സഹോദരന് സജിത്തിനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സമയം മുതല്‍ തുടര്‍ച്ചയായി പൊലിസ് ശ്രീജിത്തിനെ മര്‍ദിച്ചെന്നും ഇതേത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ശ്രീജിത്ത് ആശുപത്രിയില്‍ മരിച്ചെന്നും ഹരജിയില്‍ പറയുന്നു.