09 July, 2018 08:38:28 AM


നിയമം ലംഘിച്ച് പ്ലാസ്റ്റിക് കവറുകള്‍ വില്‍പ്പന തകൃതിയായി

ഏറ്റുമാനൂര്‍ നഗരസഭ വ്യാപാരികള്‍ക്ക് ഫീസ് നിര്‍ബന്ധമാക്കുന്നു




ഏറ്റുമാനൂര്‍: സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ മേടിക്കാനെത്തുന്ന ആളുകളോട് പ്ലാസ്റ്റിക് കവറുകള്‍ നല്‍കി പണം ഈടാക്കുന്നത് സര്‍‌ക്കാരിനെ വെട്ടിച്ച്. 51 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് കവറുകള്‍ കടകളില്‍ ഉപയോഗിക്കണമെങ്കില്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിശ്ചിതഫീസ് അടച്ച് അനുവാദം വാങ്ങണമെന്നാണ് നിയമം. മൂന്ന് വര്‍ഷം മുമ്പ് കര്‍ശനമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് മാനേജ്മെന്‍റ് റൂള്‍ അനുസരിച്ച് നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ 4200 രൂപ അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇന്നേവരെ ഒരു വ്യാപാരികളും ഈ തുക അടച്ചിട്ടില്ല. 


അതേസമയം കടകളിലെത്തുന്ന ജനങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ല. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അഞ്ച് മുതല്‍ പത്ത് രൂപാ വരെ പ്ലാസ്റ്റിക് കവറുകള്‍ക്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കടകളിലും ഹോട്ടലുകളിലും 51 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗവും ഏറിവരികയാണ്. ഒന്നു രണ്ട് തവണ നഗരസഭ നടത്തിയ  പരിശോധനയില്‍ ഇത്തരം പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ പുതിയ പദ്ധതിപ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ട് വരവെയാണ് വ്യാപാരികള്‍ നിയമാനുസൃതമല്ലാത്ത വില്‍പ്പന പൊടിപൊടിക്കുന്നത്. പ്ലാസ്റ്റിക് വിറ്റ് വ്യാപാരികള്‍ പണം കൊയ്യുമ്പോഴും പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാതെ ഇവ ശേഖരിച്ച് സംസ്കരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കെത്തിയിരിക്കുകയാണ്. 


സംസ്കരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ജനങ്ങളില്‍ നിന്നും പണം മേടിക്കാന്‍ നഗരസഭയ്ക്കാവില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് കവറുകള്‍ വില്‍ക്കുന്ന വ്യാപാരികളില്‍  നിന്ന് നിയമപ്രകാരമുള്ള തുക ഈടാക്കുന്നത് കര്‍ക്കശമാക്കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. ഏറ്റുമാനൂരിലെ മൊത്തവ്യാപാരികളില്‍ നിന്നായിരിക്കും ഫീസ് ചുമത്തുക. ഇത് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് ഉടന്‍തന്നെ വ്യാപാരികളുടെ യോഗം വിളിക്കും. എന്നാല്‍ മൊത്തവ്യാപാരികളില്‍ നിന്ന് മാത്രം ഫീസ് ഈടാക്കുന്നതിനെതിരെയും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നഗരസഭയ്ക്കു വെളിയില്‍  നിന്നും മൊത്തമായി എടുക്കുന്ന കവറുകളാണ് മാര്‍ക്കറ്റിലും മറ്റ് തിരക്കുള്ള കടകളിലും കൂടുതലും ഉപയോഗിക്കുന്നത്. സ്ഥിതി നിയന്ത്രണവിധേയമാകണമെങ്കില്‍ എല്ലാ വ്യാപാരികളോടും ഫീസ് ചുമത്തണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. 




Share this News Now:
  • Google+
Like(s): 148