07 July, 2018 10:56:49 PM


സുനന്ദ പുഷ്‌ക്കര്‍ കേസ്: ശശി തരൂരിന് ഒരു ലക്ഷം രൂപ ബോണ്ടില്‍ സ്ഥിര ജാമ്യം

കേസ് പരിഗണിക്കുന്നത് ജൂലൈ 26ലേക്കു മാറ്റി




ദില്ലി: സുനന്ദ പുഷ്‌ക്കര്‍ ആത്മഹത്യക്കേസ് പരിഗണിക്കുന്നത് ഈ മാസം 26ലേക്കു മാറ്റി.  ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂര്‍ ഇന്ന് രാവിലെ കോടതിയില്‍ ഹാജരായിരുന്നു. ദില്ലി ചീഫ് മജിസ്‌ട്രേറ്റ് മെട്രോ പൊളിറ്റന്‍ കോടതിയിലാണ് തരൂര്‍ ഹാജരായത്. ഒരു ലക്ഷം രൂപ ബോണ്ട് നല്‍കിയതോടെ അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിര ജാമ്യമാക്കി മാറ്റി. നിലവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച തരൂര്‍ ഇന്ന് കോടതിയില്‍ നിന്ന് സ്ഥിരജാമ്യം നേടുകയായിരുന്നു. തരൂരിന് കുറ്റപത്രത്തിന്‍റെ പകര്‍പ്പ് നല്‍കണം.

കഴിഞ്ഞ മെയ് 14 ന് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം പാട്യാല ഹൗസ് കോടതി അംഗീകരിച്ചിരുന്നു. ജാമ്യം നല്‍കരുതെന്ന ദില്ലി പൊലിസിന്‍റെ വാദങ്ങള്‍ തള്ളിയാണു ജഡ്ജി അരവിന്ദ് കുമാര്‍ തരൂരിന് ജാമ്യം അനുവദിച്ചത്. സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മെയിലാണ് ശശി തരൂരിന് എതിരെ ദില്ലി പൊലിസ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച കോടതി തരൂരിനോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.  2014 ജനുവരി 17നാണ് സുനന്ദയെ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരില്‍ ചുമത്തിയിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 34