07 July, 2018 12:50:41 AM


ട്രാന്‍സ്‌ജെന്‍ഡറിന് സ്വകാര്യ ബസില്‍ അയല്‍വാസിയുടെ മര്‍ദ്ദനം

ബസ് യാത്രക്കാര്‍ ആരും പ്രശ്നത്തില്‍ ഇടപ്പെട്ടില്ല


തൃശൂര്‍: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ക്ക് അയല്‍വാസിയുടെ മര്‍ദനമേറ്റു. കൊടുങ്ങല്ലൂര്‍ പറവൂര്‍ ഗോതുരുത്ത് സ്വദേശി പള്ളിപ്പറമ്ബല്‍ ജെന്‍സനെയാണ് അയല്‍വാസി മര്‍ദിച്ചത്. അഴീക്കോട് മേനോന്‍ബസാറില്‍ താമസിക്കുന്ന ജെന്‍സണ്‍ സ്വന്തം വീട്ടിലേക്ക് പോകുന്നതിനാണ് ഇന്നലെ വൈകീട്ട് അഞ്ചിന് ബസില്‍ കയറിയത്. കോട്ടപ്പുറം ഭാഗത്തുവെച്ചാണ് അക്രമം നടന്നത്.


ബസില്‍ ജെന്‍സന്റെ പുറകുവശത്തെ സീറ്റിലായിരുന്നു അയല്‍വാസി ഇരുന്നത്. `പെണ്‍വേഷം കെട്ടി നടക്കാന്‍ നിന്നോട് ആര് പറഞ്ഞെടാ' എന്ന് ഒച്ചയിട്ടോണ്ടായിരുന്നു ഇയാള്‍ ജെന്‍സനെ ആക്രമിച്ചത്. തലമുടി പിടിച്ചു വലിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. ഇട്ടിരുന്ന ടീഷര്‍ട്ട് വലിച്ചു കീറി നിലത്തിട്ട് ചവിട്ടിയതായും പരാതിയില്‍ പറയുന്നു.


ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആരും പ്രശ്നത്തില്‍ ഇടപ്പെട്ടില്ല. ഒരേ സ്റ്റോപിലായിരുന്നു ജെന്‍സനും അയല്‍വാസിക്കും ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇറങ്ങേണ്ട സ്റ്റോപ്പ് ആയപ്പോള്‍ ജെന്‍സണ്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അയല്‍വാസി ഇയാളെ ബസില്‍നിന്ന് ബലമായി വലിച്ചിറക്കാനും ശ്രമം നടത്തി. തുടര്‍ന്ന് ജെന്‍സണ്‍ അതേ ബസില്‍ പറവൂരിലെത്തി കൂട്ടുകാരനുമായി കൊടുങ്ങല്ലൂരെത്തി പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 31