06 July, 2018 11:37:04 PM


രണ്ട് ഗോളിന്‍റെ വിജയം; ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍

വരാനെയും ഗ്രീസ്മാനുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയവര്‍



നിഷ്‌നി: വരാനെ വരച്ച വരയില്‍ നിന്നും നേടിയ ഗോളും ഗ്രീസ്മാന്‍ ഗ്രീസിട്ട് നേടിയ ഗോളിന്റെയും ബലത്തില്‍ ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. വരാനെയും ഗ്രീസ്മാനുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയവര്‍. മത്സരത്തില്‍ ഉറുഗ്വെന്‍ ആക്രമണത്തില്‍ തുടക്കത്തില്‍ ഫ്രാന്‍സ് ഒന്നു ഞെട്ടിയെങ്കിലും പിന്നീട് ഫ്രാന്‍സ് താളം കണ്ടെത്തി. മുന്നേറ്റവും പ്രതിരോധവും ഇരു ടീമുകളും ശക്തമാക്കി. 40ാം മിനുറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ തല കൊണ്ട് വരാനെ വരച്ച് ഉറുഗ്വെന്‍ വല ചലിപ്പിച്ചു. മത്സരത്തിന്റെ പിന്നീടുള്ള നിമിഷങ്ങളില്‍ ഉറുഗ്വെന്‍ താരങ്ങള്‍ ഗോളുകള്‍ക്കായി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.


ഉറുഗ്വെയുടെ ഗോളിയുടെ പിഴവാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 61ാം മിനുറ്റില്‍ ഉറുഗ്വെന്‍ പ്രതിരോധത്തിന്റെ വിള്ളലിലൂടെ ഗ്രീസ്മാന്റെ മാസ് ഷോട്ട്. ഉറുഗ്വെന്‍ ഗോളി ഫെര്‍ണാണ്ടോ മുസ്‌ലേര കൈ കൊണ്ട് തടുത്തെങ്കിലും ഷോട്ടിന്റെ ശക്തിയില്‍ പന്ത് കൈയില്‍ തട്ടി വലയിലേക്ക്. സ്‌കോര്‍: 0-2 

പിന്നീട് ഉറുഗ്വെന്‍ താരങ്ങള്‍ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഗോളുകള്‍ മാത്രം പിറന്നില്ല. അഭിമാനത്തിനായി ഒരു ഗോളെങ്കിലും അടിക്കുമെന്ന ആരാധകരുടെ നിലവിളിക്കും വിളി കേള്‍ക്കാന്‍ സുവാരസ് അടങ്ങുന്ന ഉറുഗ്വെന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. കവാനിയില്ലാത്ത ഉറുഗ്വെന്‍ മുന്നേറ്റനിര ഗോളടിക്കാന്‍ മറന്നു. വിജയത്തോടെ ഫ്രാന്‍സ് സെമിഫൈനലില്‍ കടന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിക്കുന്നത്. ബ്രസീല്‍-ബെല്‍ജിയം മത്സരത്തിലെ വിജയികളാണ് സെമിഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.



Share this News Now:
  • Google+
Like(s): 34