05 July, 2018 11:26:40 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ വാട്‌സ് ആപ്പ് യുദ്ധം : പരാതിയുമായി വനിതാ കൗണ്‍സിലര്‍

മുന്‍‌ ചെയര്‍മാനെതിരെ വനിതാകമ്മിഷനില്‍ പരാതി നല്‍കുമെന്ന് വനിതാ കൗണ്‍സിലര്‍

 

ഏറ്റുമാനൂര്‍: രാജിവെയ്ക്കും മുമ്പ് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ സമൂഹമാധ്യമത്തിലൂടെ വനിതാ കൗണ്‍സിലറുമായി കോര്‍ത്തത് വിവാദമാകുന്നു. വ്യാഴാഴ്ച ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെച്ച ചാക്കോ ജോസഫ് (ജോയി മന്നാമല) വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ തന്നെ അവഹേളിച്ചുവെന്ന് കാട്ടി വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ചെറുവാണ്ടൂര്‍ യൂണിവേഴ്‌സിറ്റി വാര്‍ഡില്‍ നിന്നുള്ള സിപിഎം വനിതാ അംഗവും ആരോഗ്യകാര്യസ്ഥിരം സമിതി അംഗവുമായ ധന്യാ വിജയന്‍ പറയുന്നു. 

നഗരസഭയുടേതായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ രാജി വെയ്ക്കുന്ന ചെയര്‍മാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സെക്രട്ടറി കമന്‍റിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ചെയര്‍മാന്‍ ഒരുപാട് കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന അര്‍ത്ഥത്തില്‍ സെക്രട്ടറിയിട്ട കമന്‍റിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ധന്യയുടെ സന്ദേശം ചെയര്‍മാനെ ചൊടിപ്പിച്ചു.


ലോകബാങ്കിന്‍റെ 1 കോടിയും ഓഫീസ്, മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ 2 കോടിയും ലാപ്‌സാക്കി, എം.എല്‍.എയുടെ 1. 10 കോടി ചെലവാക്കിയില്ല, മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പ്ലാനിലൊതുക്കി, വനിതകളുടെ കഞ്ഞികുടി മുട്ടിച്ച് കാന്‍റീനും സൂപ്പര്‍ മാര്‍ക്കറ്റും പച്ചക്കറി കടയും അടച്ചു പൂട്ടി, ടിപ്‌സി ഹോട്ടലിനു മലിനജലം ഒഴുക്കാന്‍ ഓട വെട്ടി കൊടുത്തു, തൊഴിലുറപ്പ് തൊഴിലാളികളുടെ പണിക്കൂലി കൊടുത്തില്ല, ആശ്രയ പദ്ധതി ഇല്ലാതാക്കി, വിധവകളുടെ ധനസഹായം മുടങ്ങി തുടങ്ങിയ ആരോപണങ്ങളാണ് ധന്യ ഉന്നയിച്ചത്. ആറു മാസം ഏറ്റുമാനൂര്‍ നഗരസഭയുടെ ഇരുണ്ട കാലഘട്ടമെന്നും അവര്‍ വിശേഷിപ്പിച്ചു.

ധന്യയുടെ ആരോപണങ്ങള്‍ക്ക് ചെയര്‍മാന്‍ നല്‍കിയ മറുപടി നഗരസഭയുടെ ഗ്രൂപ്പിന് വെളിയിലേക്കു കൂടി കടന്നതോടെ പ്രശ്‌നം വിവാദമാകുകയായിരുന്നു. ലോകബാങ്കിന്‍റേതുള്‍പ്പെടെ പണം ലാപ്‌സാകാനുള്ള കാരണം ധന്യയുടെ സ്വന്തം മന്ത്രി ബില്‍ പാസാക്കത്തതാണെന്ന് ചൂണ്ടികാണിച്ച ചാക്കോ തന്‍റെ കാലത്തെ മറ്റ് പദ്ധതിപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വെളിപ്പെടുത്തി. ഏറ്റുമാനൂരിന്‍റെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് മണിക്കൂര്‍ കൊണ്ട് 63 ലക്ഷം രൂപാ പാവപ്പെട്ടവര്‍ക്കായി പിരിച്ചെടുത്തതിന് നേതൃത്വം വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന് സൂചിപ്പിച്ച ചാക്കോ, ഹോട്ടലിന് സൗകര്യം ഉണ്ടാക്കി കൊടുത്തത് എം.എല്‍.എ പറഞ്ഞിട്ടാണെന്ന് കൂടി വെളിപ്പെടുത്തിയതോടെ അടുത്ത ആരോപണവുമായി ധന്യ രംഗത്തെത്തി.


'ടിപ്‌സി ഹോട്ടലിന് മലിനജലം ഒഴുക്കാന്‍ സൗകര്യം ചെയ്തു കൊടുക്കാന്‍ പറഞ്ഞത് നമ്മുടെ എം.എല്‍.എ ആണ്. നിഷേധിക്കാന്‍ അദ്ദേഹം തയ്യാറാണോ എന്ന് ചോദിക്ക്. പൊതുജനമധ്യത്തില്‍ നിങ്ങള്‍ക്ക് എം.എല്‍.എയെ അപഹാസ്യപെടുത്തണമെങ്കില്‍ അത് എന്‍റെ ചിലവില്‍ വേണ്ട എന്നും ചാക്കോ ജോസഫ് തന്‍റെ സന്ദേശത്തില്‍ പറയുന്നു. എം.എല്‍.എയോട് ചോദിക്കേണ്ട സാമാന്യബുദ്ധി ഉള്ള എല്‍ഡിഎഫ് നേതാക്കള്‍ ചോദിച്ച് ഉറപ്പുവരുത്താനും ചാക്കോ ഉപദേശിക്കുന്നു. എം.എല്‍.എയെ ഉപയോഗിച്ച് കാര്യം നടത്തിയിട്ട് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ധന്യ തിരിച്ചടിച്ചു.

ഇതിനിടെ തന്നെ ഉദ്ദേശിച്ച് അയച്ച സന്ദേശങ്ങളില്‍ പല ഭാഗങ്ങളിലും സഭ്യമല്ലാത്ത ഭാഷ ചാക്കോ ജോസഫ് ഉപയോഗിച്ചു എന്നാണ് ധന്യാ വിജയന്‍ ആരോപിക്കുന്നത്. കൗണ്‍സിലറായതിനു ശേഷമായിരുന്നു തന്‍റെ വിവാഹം. ജില്ലയ്ക്കു പുറത്തുള്ള ഒരാളെ വിവാഹം ചെയ്തത് കുറ്റപ്പെടുത്തിയുള്ള വാക്കുകളും അദ്ദേഹത്തിന്‍റെ സന്ദേശത്തില്‍ ഉണ്ടായിരുന്നു. സ്ത്രീകളോടുള്ള മുന്‍ ചെയര്‍മാന്‍റെ സമീപനത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ ധന്യ താനി സംഭവം സിപിഎം ലോക്കല്‍ കമ്മറ്റി മുമ്പാകെ അവതരിപ്പിച്ചുവെന്നും വെളിപ്പെടുത്തി.

ഇതിനിടെ സെക്രട്ടറിക്കും ചെയര്‍മാനും അനുകൂലമായി വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടനും രംഗത്തെത്തിയതായി ധന്യ കുറ്റപ്പെടുത്തി. അടുത്ത ദിവസം തന്നെ വനിതാ കമ്മീഷന് പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി
Share this News Now:
  • Google+
Like(s): 1547