05 July, 2018 04:29:22 PM


'അ‍ഞ്ച് കൊല്ലത്തേക്ക് അഞ്ച് ചെയര്‍മാന്‍': ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ രാജിവെച്ചു

അടുത്ത ഊഴം രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ജോയി ഊന്നുകല്ലേലിന്




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ചാക്കോ ജോസഫ് (ജോയി മന്നാമല) രാജി സമര്‍പ്പിച്ചു. യുഡിഎഫും സ്വതന്ത്രരായി ജയിച്ച കൗണ്‍സിലര്‍മാരും തമ്മിലുള്ള മുന്‍ധാരണ പ്രകാരമാണ് രാജി. ഉച്ചക്ക് ശേഷം മൂന്നു മണിയ്ക്ക് നഗരസഭാ സെക്രട്ടറി വൃജയുടെ പക്കലാണ് രാജികത്ത് നല്‍കിയത്. ജോയി മന്നാമല രാജി വെച്ചതോടെ ചെയര്‍മാന്റെ ചാര്‍ജ് വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടന് ലഭിച്ചു. 

മുന്‍ ധാരണപ്രകാരം അടുത്ത ഊഴം രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ) നിന്നും സ്വതന്ത്രനായി ജയിച്ച ജോയി ഊന്നുകല്ലേലിനാണ്. എങ്കിലും തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ പൂര്‍ത്തിയാകുന്നതിന് ഒരു മാസം എടുക്കും. അതുവരെ ചെയര്‍മാന്റെ സാന്നിദ്ധ്യമില്ലാത്ത നഗരസഭയായി ഏറ്റുമാനൂര്‍  വീണ്ടും മാറും. മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ രാജി വെച്ചപ്പോഴും ഇതേ സാഹചര്യം നഗരസഭയില്‍ ഉണ്ടായിരുന്നു. അഞ്ച് കൊല്ലത്തേക്ക് അഞ്ച് ചെയര്‍മാന്‍ എന്ന നിലയിലേക്കാണ് ഏറ്റുമാനൂരിലെ കസേരകളി നീങ്ങുന്നത്.

പുതിയ നഗരസഭയായി ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍. കാലാവധി രണ്ട് വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിലെ തന്നെ ചില അംഗങ്ങളും കേരളാ കോണ്‍ഗ്രസ്, സ്വതന്ത്ര അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചരടുവലിയില്‍ ജയിംസിന്റെ കസേരയ്ക്ക് ഇളക്കം തട്ടി. 29-ാം വാര്‍ഡില്‍ (പാറോലിക്കല്‍) നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോയി മന്നാമല യുഡിഎഫിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രന്മാര്‍ക്കും കേരളാ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും ഓരോ വര്‍ഷം എന്നതായിരുന്നു ധാരണ. സ്വതന്ത്രന്മാര്‍ക്കുള്ള ഒരു വര്‍ഷം ചാക്കോ ജോസഫും ജോയി ഊന്നുകല്ലേലും വീതിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ധാരണപ്രകാരം  ജോയി ഊന്നുകല്ലേലിന് ആറു മാസവും 24-ാം വാര്‍ഡില്‍ (കണ്ടംചിറ) നിന്നുമുള്ള കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ടിനും ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുമുള്ള കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കനും  ഓരോ വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. ഇതിനിടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്കുള്ള ഓരോ മാസം വീതം നാഥനില്ലാത്ത അവസ്ഥ വീണ്ടും നഗരസഭയില്‍ ഉണ്ടാവും.

മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ജയിംസ് തോമസ് രാജിവെച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്‌സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്‌സണായി. 




Share this News Now:
  • Google+
Like(s): 165