05 July, 2018 11:11:07 AM


മരണത്തിന് ഉത്തരവാദി സിപിഎം കൗണ്‍സിലര്‍: ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങൾ നിഷേധിച്ച് സജികുമാർ

ചങ്ങനാശ്ശേരി: പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍  നിര്‍ണായക വഴിത്തിരിവ്. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി പി എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.

രേഷ്മ എഴുതിയെന്നു കരുതുന്ന കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: സ്വര്‍ണം മോഷ്ടിച്ചെന്ന് പോലീസ് മര്‍ദിച്ച് എഴുതി വാങ്ങുകയായിരുന്നു. ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റത്. 100 ഗ്രാം സ്വര്‍ണം മാത്രമേ തങ്ങളുടെ ഭാഗത്തുനിന്ന് നഷ്ടപ്പെട്ടിട്ടുള്ളു. എന്നാല്‍ 400 ഗ്രാം സ്വര്‍ണം എടുത്തുവെന്ന് പോലീസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. അതിനാലാണ് ആത്മഹത്യയിലേക്ക് പോകുന്നത്.  
പ്രതിപക്ഷ പാര്‍ട്ടികളായ യു ഡി എഫും ബി ജെ പിയും ഇന്ന് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ കുറവാണ്. ദീര്‍ഘദൂര കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പത്തുമണിക്ക് പ്രതിഷേധ പ്രകടനം ഉണ്ടാകും.

പോലീസ് മര്‍ദിച്ചതിലെ മനോവിഷമത്താലാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.  സംഭവം വിവാദമായതിനുപിന്നാലെ ചങ്ങനാശ്ശേരി എസ്.ഐ. ഷെമീര്‍ഖാനെ സ്ഥലംമാറ്റി. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. പ്രകാശന്‍ ടി. പടന്നയിലിന് അന്വേഷണച്ചുമതല നല്‍കി.

സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, ഹിദായത്ത് നഗറിലുള്ള നഗരസഭാംഗം ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു. സുനിലിനോടൊപ്പം രാജേഷും ചേര്‍ന്നാണ് സ്വര്‍ണപ്പണി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കണക്ക് നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 400 ഗ്രാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേ തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെതിരേ പരാതി നല്‍കിയിരുന്നെന്നും ചങ്ങനാശ്ശേരി പോലീസ് പറഞ്ഞു. സജികുമാറിന്റെ പരാതിയെ തുടര്‍ന്നാണ് സുനിലിനെ ചോദ്യംചെയ്യാന്‍ തിങ്കളാഴ്ച വിളിപ്പിച്ചത്. സുനിലിനൊപ്പം രേഷ്മയും സ്റ്റേഷനിലെത്തിയിരുന്നു. രാത്രി ഒമ്പതിനാണ് ഇവരെയും വിട്ടയച്ചത്.

ബുധനാഴ്ച വൈകുന്നേരം നാലിനു മുമ്പ് എട്ട് ലക്ഷം രൂപ സജികുമാറിന് കൈമാറണമെന്ന് പറഞ്ഞുെവന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍ ഫോണില്‍ വിളിച്ച് അറിയിച്ചതായി ജ്യേഷ്ഠന്‍ അനില്‍ പറഞ്ഞു. തുടര്‍ന്ന് അരകിലോമീറ്റര്‍ ദൂരെയുള്ള ഇവരുടെ താമസസ്ഥലത്തേക്ക് അനില്‍ ഓടിയെത്തി. കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും കട്ടിലില്‍ കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. സുനിലിന് ഈ സമയം ബോധമുണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്‌ളാസുകളിലായി ലായനി കലക്കിവെച്ച നിലയിലും കണ്ടിരുന്നു. സഹോദരന്‍ അനില്‍ ഉടന്‍തന്നെ വാകത്താനം പോലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.

ആരോപണം നിഷേധിച്ച് സജികുമാർ


വിഷയത്തില്‍ നിയമപരമായ നടപടികള്‍ മാത്രമാണ് താന്‍ സ്വീകരിച്ചതെന്ന് ചങ്ങനാശ്ശേരിയിലെ സുനില്‍-രേഷ്മ ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള സി പി എം നഗരസഭാഗം സജി കുമാര്‍. സജികുമാറാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. അതേസമയം സ്വര്‍ണത്തിന്റെ അളവില്‍ കുറവു സംഭവിച്ചതറിഞ്ഞ് പരാതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നു സജികുമാര്‍ പറഞ്ഞു.

മൂന്നാം തിയതിയാണ് സുനിലിന്റെയും മറ്റൊരു ജീവനക്കാരനായ രാജേഷിന്റെയും പേരില്‍ പരാതി നല്‍കിയത്. നഷ്ട പരിഹാരം നല്‍കാമെന്ന ധാരണയിലാണ് സ്റ്റേഷനില്‍നിന്നു പിരിഞ്ഞതെന്നും സജി കുമാര്‍ പറഞ്ഞു. ഭവന നിര്‍മാണത്തിനായി സ്വര്‍ണ ഉരുപ്പടികള്‍ വിറ്റിട്ടില്ല. പൊന്‍കുന്നത്തുള്ള വസ്തു വിറ്റാണ് പണം കണ്ടെത്തിയത്. സി പി എം അംഗമായതിനാല്‍ പ്രതിപക്ഷ കക്ഷികള്‍ വേട്ടയാടുകയാണെന്നും സജി കുമാര്‍ പറഞ്ഞു.Share this News Now:
  • Google+
Like(s): 333