05 July, 2018 12:34:04 AM


ദമ്പതികളുടെ ആത്മഹത്യ: പൊലിസിനെതിരേ ബന്ധുക്കള്‍; എസ്‌ഐയെ സ്ഥലം മാറ്റി

ചങ്ങനാശ്ശേരി താലൂക്കില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍




കോട്ടയം: പൊലിസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസിനെതിരേ ബന്ധുക്കള്‍. പൊലിസ് മര്‍ദിച്ചതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്‌ഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചങ്ങനാശ്ശേരി താലൂക്കില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


ദമ്പതികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള പരാതി പരിശോധിക്കുമെന്ന് കോട്ടയം ഡിവൈഎസ്പി പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കി. സിപിഎം നേതാവിന്റെ പരാതിയില്‍ പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ച കോട്ടയം വാകത്താനം പാണ്ടന്‍ചിറയിലെ സുനില്‍ (34), ഭാര്യ രേശ്മ (24) എന്നിവരാണ് മരിച്ചത്. സ്വര്‍ണ്ണപ്പണിക്കാരാണ് ഇരുവരും. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് ഇവരെ ചോദ്യംചെയ്തത്.


ചങ്ങാനേശി സ്വദേശിയും അഭിഭാഷകനും സി.പി.എം മുനിസിപ്പല്‍ കൗണ്‍സിലറും ആയ ഇ.എ സജി കുമാറാണ് പരാതി നല്‍കിയത്. സജിയുടെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനത്തിലാണ് ദമ്പതികള്‍ ജോലിചെയ്തിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഇവര്‍ ഇവിടെ ജോലിചെയ്യുന്നു. പണിയാന്‍ നല്‍കിയ സ്വര്‍ണത്തില്‍ പലപ്പോഴായി 600 ഗ്രാം സുനില്‍കുമാര്‍ തട്ടിയെടുത്തുവെന്നാണ് പരാതി നല്‍കിയത്.


കഴിഞ്ഞ തിങ്കളാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ചങ്ങനാശേരി പൊലിസ് ദമ്പതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരത്തിനകം സ്വര്‍ണം തിരികെ നല്‍കണമെന്ന താക്കീതോടെയാണ് വിട്ടയക്കുകയും ചെയ്തു. ഇതിനിടെയാണ് ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്നാണ് മരിച്ചത്. ഉച്ചയോടെയാണ് വിഷം കഴിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ചങ്ങനാശേരി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.



Share this News Now:
  • Google+
Like(s): 175