04 July, 2018 02:59:06 PM


ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ റെയ്ഡ്: മത്സ്യം വിറ്റു വന്നത് അനധികൃതമായി

റെയ്ഡ് അട്ടിമറിച്ചെന്ന് ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍  മത്സ്യമാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അനുമതിയില്ലാതെ. പന്ത്രണ്ട് സ്റ്റാളുകളാണ് നഗരസഭ ലേലം ചെയ്തു നല്‍കിയിരിക്കുന്നത്. വ്യാപാരികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ലൈസന്‍സ് ഉണ്ടായിരുന്നത്. അതും ഒന്നര മാസം മുമ്പ് എടുത്തത്. മറ്റുള്ളവര്‍ നഗരസഭ വ്യാപാരികള്‍ക്ക് നല്‍കുന്ന ഡി ആന്‍റ് ഓ ലൈസന്‍സിന്‍റെ മറവിലാണ് ഇതുവരെ കച്ചവടം നടത്തി വന്നിരുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ ലൈസന്‍സ് എടുത്തിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. 

അതേസമയം പരിശോധനയില്‍ ഫോര്‍മാലിന്‍ അടങ്ങിയ  മത്സ്യം കണ്ടെത്താനായില്ല. മീനിനുള്ളില്‍ ഇടുന്നതിനായി പെട്ടികളില്‍  കരുതി വെച്ചിരുന്ന ഐസും പരിശോധനയ്ക്ക് വിധേയമാക്കി. സ്റ്റാളുകളില്‍ ചില്ലറവില്‍പനയ്ക്കായി നിരത്തിയിരുന്ന മത്സ്യമാണ് പരിശോധിച്ചത്. ഐസ് ഉള്‍പ്പെടെ ഏഴ് സാമ്പിളുകളാണ് ഫോര്‍മാലിന്‍ കിറ്റ് ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക ഹൈജീനിക് മത്സ്യമാര്‍ക്കറ്റില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു മാര്‍ക്കറ്റില്‍ അത്യാവശ്യം വേണ്ട ശീതീകരണസംവിധാനങ്ങള്‍ പോലും ഇവിടില്ല.  പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതറിഞ്ഞ് വ്യാപാരികള്‍ കേടായ മത്സ്യവും ഐസും പെട്ടെന്ന് സ്ഥലത്തുനിന്നും നീക്കം ചെയ്തതായും ഇതിനിടെ ആരോപണമുയര്‍ന്നു.

ഒരാഴ്ച മുമ്പ് കൊല്ലത്ത് ആര്യങ്കാവില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയതായി കണ്ടെത്തിയ ഒമ്പതര ടണ്‍ മത്സ്യത്തില്‍ പകുതി ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുവന്നതായിരുന്നു. തൂത്തുകുടി, രാമേശ്വരം എന്നിവിടങ്ങളില്‍  നിന്നുള്ള മത്സ്യമായിരുന്നു അത്. ആന്ധ്രാപ്രദേശില്‍  നിന്നും റോഡ് മാര്‍ഗം കൊണ്ടുവന്ന മീന്‍ വാളയാര്‍ ചെക്കുപോസ്റ്റിലും പിടിക്കപ്പെട്ടിരുന്നു. കയറ്റുമതിയ്ക്കിടെ രാസവസ്തുക്കളുടെ ഉപയോഗവും മറ്റും കണ്ടെത്തി തിരിച്ചയയ്ക്കുന്ന മീനും ഏറ്റുമാനൂരില്‍ എത്തുന്നതായി വ്യാപാരികള്‍ സാക്ഷ്യപെടുത്തുന്നു.ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ അലക്സ് കെ.ഐസക് (ഏററുമാനൂര്‍ സര്‍ക്കിള്‍), ഡോ. റിനി മാനുവല്‍ (ചങ്ങനാശേരി സര്‍ക്കിള്‍), ഡോ.ജ്യോത്സന (പുതുപ്പള്ളി സര്‍ക്കിള്‍), ഡോ.തെരസിലിന്‍ ലൂയിസ് (വൈക്കം സര്‍ക്കിള്‍), ഡോ.യമുനാ കുര്യന്‍ (പാലാ സര്‍ക്കിള്‍), നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി.ശോഭന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരസഭാ ചെയര്‍മാന്‍ ചാക്കോ ജോസഫും സ്ഥലത്തെത്തിയിരുന്നു.

നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതെന്നും രഹസ്യമായി നടത്താന്‍ തീരുമാനിച്ച റെയ്ഡ് സെക്രട്ടറിയും ചെയര്‍മാനും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പ്രസ്താവനയിലൂടെ കുറ്റപെടുത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍കൊള്ളിച്ചുകൊണ്ട് ബുധനാഴ്ച മിന്നല്‍പരിശോധന നടത്താനായിരുന്നു തീരുമാനിച്ചത്. 

സംയുക്തപരിശോധന ഉദ്യോഗസ്ഥര്‍ നടത്തുമ്പോള്‍ അത് അതീവരഹസ്യമായിരിക്കണം. എന്നാല്‍ രാവിലെ നഗരസഭാ ഓഫീസിലെത്തിയ സംഘത്തോടൊപ്പം സെക്രട്ടറിയും ചെയര്‍മാനും മറ്റ് ജീവനക്കാരും കൂട്ടമായി മാര്‍ക്കറ്റിലേക്കു നീങ്ങി. ഇതിനിടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതായി മാര്‍ക്കറ്റില്‍ അറിയിക്കേണ്ടവര്‍ അറിയിക്കുകയും ചെയ്തു. ഈ നീക്കം പ്രശ്നമുള്ള മത്സ്യം ഒളിപ്പിക്കുവാന്‍ വ്യാപാരികള്‍ക്ക് അവസരമൊരുക്കി. മുന്‍കൂട്ടി അറിയിച്ച് നടത്തിയ പരിശോധനാ നാടകം കച്ചവടക്കാര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് ഉണ്ടാക്കാനാണ് സഹായമായി. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കുറ്റപ്പെടുത്തി. ബുധനാഴ്ച നടന്ന പരിശോധന അട്ടിമറിക്കപ്പെട്ടുവെങ്കിലും അതിന് സാധ്യത നല്‍കാതെ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് മോഹന്‍ദാസ് അറിയിച്ചു. 

എന്നാല്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി തീരുമാനത്തിന് മുമ്പ് തന്നെ മത്സ്യമാര്‍ക്കറ്റില്‍ നഗരസഭയുമായി ചേര്‍ന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ ഫുഡ് സേഫ്റ്റി ഓപീസര്‍ക്ക് താന്‍‌ കത്ത് നല്‍കിയിരുന്നതായി ചെയര്‍മാന്‍ ചാക്കോ ജോസഫ് വെളിപ്പെടുത്തി. താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതെന്നും ചെയര്‍മാന്‍ അവകാശപ്പെട്ടു.Share this News Now:
  • Google+
Like(s): 540