04 July, 2018 11:22:53 AM


ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവിയില്ലെന്ന് സുപ്രീംകോടതി

ലെഫ് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യത




ദില്ലി: ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവിയില്ലെന്ന് സുപ്രീം കോടതി. അതേസമയം, മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രവര്‍ത്തിക്കാന്‍ ലെഫ് ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലെഫ്. ഗവര്‍ണറെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദില്ലിയുടെ പരമാധികാരി ആരെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപുറപ്പെടുവിച്ചത്.


നിയമസഭക്ക് പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴികെയുള്ളവയില്‍ നിയമനിര്‍മാണം ആകാം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. എന്നാല്‍ തീരുമാനങ്ങള്‍ക്ക് ലഫ്. ഗവര്‍ണറുടെ അനുമതി വേണം എന്ന് ഇതിന് അര്‍ത്ഥം ഇല്ല. ജനാധിപത്യത്തില്‍ കൂട്ടായ പ്രവര്‍ത്തനം വേണം. ജനപ്രധിനിതികള്‍ക്ക് കൂട്ട് ഉത്തരവാദിത്വമുണ്ട്. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ക്ക് സ്വീകാര്യത വേണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.


വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് വിധിപറയാനായി മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും ഹാജരായി.



Share this News Now:
  • Google+
Like(s): 32