03 July, 2018 11:33:47 PM


കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി

ആരോപണം കോണ്‍ഗ്രസ് നേതാവ് ചിരാട് പട്‌നായിക്കിനെതിരെ




ദില്ലി: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിലെ അംഗവും കോണ്‍ഗ്രസ് നേതാവുമായ ചിരാട് പട്‌നായിക്കിനെതിരെ ആണ് ഐ.ടി സെല്‍ മുന്‍ അംഗമായ യുവതി ലൈംഗിക ആരോപണം ഉന്നയിച്ച്‌ പൊലീസില്‍ പരാതി നല്‍കി. ഐ.ടി സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ചിരാട് പട്‌നായിക് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് മോശമായി പെരുമാറിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 


ജോലിസ്ഥലത്തു വെച്ച്‌ ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഈ പെരുമാറ്റത്തില്‍ തനിക്കുള്ള അതൃപ്തി പല തവണ പ്രകടിപ്പിച്ചിട്ടും ഇയാള്‍ ശല്യം തുടര്‍ന്നുവെന്നും യുവതി പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ അനുഭവിച്ച പ്രശ്‌നം സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദനയെ അറിയിച്ചുവെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും തന്നെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കാനും അപമാനിക്കാനും ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. തന്നെക്കാള്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ചിരാട് പട്‌നായിക് വിചാരിച്ചാല്‍ തന്‍റെ ജോലി നഷ്ടപ്പെടുത്താന്‍ സാധിക്കും എന്ന ഭയത്താലാണ് ഏറെക്കാലം ഇതെല്ലാം മറച്ചുവെച്ചത്.


എന്നാല്‍ ഒടുവില്‍ ശല്യം സഹിക്കവയ്യാതെ രാജി നല്‍കി. മെയ് 17ന് നല്‍കിയ രാജിക്കത്ത് 24ന് മാത്രമാണ് സ്വീകരിച്ചത്. ഈ ദിവസങ്ങളില്‍ ദിവ്യ സ്പന്ദന അടക്കമുള്ളവരില്‍ നിന്ന് കടുത്ത മാനസിക പീഡനം സഹിക്കേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഐ.ടി സെല്ലിലെ ഒരാള്‍ മുന്‍ ജോലിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്നും യുവതി ജോലി രാജിവെച്ചത് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാല്‍ ആണെന്നും ദിവ്യ സ്പന്ദന പ്രസ്താവനയിലൂടെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 74