03 July, 2018 10:33:23 PM


ജൂലായ് 27ന് ലോകാവസാനം ആരംഭിക്കുമെന്ന് അമേരിക്കന്‍ വൈദികന്‍

ബ്ലഡ് മൂണ്‍: തുടക്കം യു.എ.ഇയിലും ഇസ്രയേലിലും




ദുബായ്: ജൂലായ് 27ന് ആകാശത്ത് ദൃശ്യമാകുന്ന ബ്ലഡ് മൂണ്‍ ഭൂമിയില്‍ നിന്നും മനുഷ്യരാശിയെ തുടച്ച്‌ നീക്കുന്നതിന്‍റെ തുടക്കമാണെന്ന് അമേരിക്കന്‍ ക്രിസ്‌ത്യന്‍ വൈദികന്‍റെ പ്രവചനം. ബൈബിളിലെ പ്രവചനങ്ങള്‍ അനുസരിച്ച്‌ യു.എ.ഇയിലും ഇസ്രയേലിന് മുകളിലും ആയിരിക്കും ബ്ലഡ് മൂണ്‍ കൂടുതല്‍ ദൃശ്യമാകുകയെന്നും ക്രിസ്‌ത്യന്‍ കോണ്‍സ്‌പറസി തിയറിസ്‌റ്റായ പോള്‍ ബെഗ്‌ലി തന്‍റെ യൂട്യൂബ് ചാനലിലൂടെ അവകാശപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബ്ലഡ് മൂണ്‍ പ്രതിഭാസം ഏതാണ്ട് ഒരു മണിക്കൂറും 43 മിനിട്ടും നീണ്ടുനില്‍ക്കുമെന്നാണ് പ്രവചനം. എന്നാല്‍ ബ്ലഡ് മൂണ്‍ ലോകാവസാനത്തിന്‍റെ തുടക്കമാണെന്ന വാദം ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് നിഷേധിച്ചു. 


വിവിധ ക്രിസ്‌തീയ പുസ്‌തകങ്ങളില്‍ പ്രവചിച്ചിരിക്കുന്നത് പ്രകാരം ലോകാവസാനത്തിന്‍റെ അടയാളമാണ് ബ്ലഡ് മൂണെന്നാണ് പോള്‍ ബെഗ്‌ലിയുടെ അവകാശവാദം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം ഭൂമിയില്‍ മനുഷ്യരുണ്ടാകില്ലെന്നും അവസാനകാലത്താണ് മനുഷ്യന്‍ ജീവിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. യു.എ.ഇയ്‌ക്കും ഇസ്രയേലിനും തൊട്ടു മുകളിലാണ് ഈ പ്രതിഭാസം ദൃശ്യമാവുക. ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചതിന്‍റെ 70ആം വാര്‍ഷികത്തില്‍, ജെറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച അതേ വര്‍ഷത്തില്‍ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസത്തിന് ലോകം സാക്ഷിയായിരുന്നു. അതേ വര്‍ഷം തന്നെ വീണ്ടും ബ്ലഡ് മൂണ്‍ ഉണ്ടാകുന്നത് വെറുതെയല്ലെന്നും ലോകാവസാനത്തിന്‍റെ വ്യക്തമായ അടയാളമാണെന്നുമാണ് ബെഗ്‌ലിയുടെ പ്രവചനം.


ഇത്തരത്തിലൊരു അപകടം സംഭവിക്കുമെന്ന് ലോകനേതാക്കള്‍ ഏറെകാലമായി ഭയക്കുകയായിരുന്നു. അടുത്തിടെ പ്രമുഖ ലോകനേതാക്കളെല്ലാം പരസ്പരം സഹകരിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഈ പരിഭ്രാന്തിയാണ്. സൗദി രാജാവ്, ബ്രിട്ടീഷ് രാജകുടുംബം, ജോര്‍ദാന്‍ രാജാവ്, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, പലസ്‌തീന്‍ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്, ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് തുടങ്ങി ലോകത്തിലെ പ്രമുഖ നേതാക്കളെല്ലാം പരസ്‌പരം ആശയവിനിമയം നടത്തുകയാണ്. എന്നാല്‍ ബ്ലഡ് മൂണ്‍ പ്രതിഭാസം യു.എ.ഇയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുമെന്നും ബെഗ്‌ലി പറയുന്നു. ഇതിന് പിന്നാലെ ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


ബെഗ്‌ലിയുടെ പ്രവചനം പോലെ ബ്ലഡ് മൂണ്‍ പ്രതിഭാസം ലോകാവസാനത്തിന്‍റെ അടയാളമല്ലെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സി.ഇ.ഒ അഹമ്മദ് അല്‍ ഹരീരി പ്രതികരിച്ചു. ഇത് വെറും ജ്യോതിശാസ്ത്ര പരമായ പ്രതിഭാസമാണ്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ അഥവാ ബ്ലഡ് മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം ഉണ്ടാവുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും . ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികളാണ് ചന്ദ്രന് ചുവപ്പ് നിറം നല്‍കുന്നത്.


ഇക്കാര്യത്തില്‍ അഭ്യൂഹങ്ങളിലോ പ്രചാരണങ്ങളിലോ വിശ്വസിക്കേണ്ടതില്ല. ജൂലായ് 27ന് ആകാശത്ത് വിരിയുന്ന ചന്ദ്രഗ്രഹണം കാണാന്‍ എല്ലാവരെയും ദുബായ് ആസ്‌ട്രോണമി കേന്ദ്രത്തിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു. യു.എ.ഇയില്‍ മാത്രമല്ല, ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ബ്ലഡ് മൂണ്‍ പ്രതിഭാസം കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Google+
Like(s): 107