03 July, 2018 04:02:36 PM


നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതര സംസ്ഥാനതൊഴിലാളി പിടിയില്‍

നാട്ടുകാര്‍ സ്റ്റേഷനിലെത്തിച്ച ആസാം സ്വദേശിയെ കേസില്ലാത്തതിനാല്‍ വിട്ടയച്ചു
ഏറ്റുമാനൂര്‍: പട്ടാപകല്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കരുതുന്ന അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശി യുവാവാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച ഇയാളെ സ്ഥാപനമുടമയോടൊപ്പം വിട്ടയച്ചു. എന്നാല്‍ ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ല. അങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 

ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജില്‍ നിന്നാണ് നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവ്ര‍ര്‍മാരും ചേര്‍ന്ന് ചൊവ്വാഴ്ച പകല്‍ ഒരു മണിയോടെ ഇയാളെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. സ്റ്റേഷന്‍റെ മുറ്റത്തുനിന്നും അവിടെ കാത്തുനിന്ന സ്ഥാപനമുടമ യുവാവിനെയും കൂട്ടി സ്റ്റേഷനിലേക്ക് കയറുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ തിരികെ പോന്നു. പിന്നീടാണ് അറിയുന്നത്  ഇയാളെ രക്ഷപെടുത്തുകയായിരുന്നുവെന്ന്.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ - അതിരമ്പുഴ കാട്ടാത്തി റോഡിലായിരുന്നു പെണ്‍കുട്ടി പീഡന ശ്രമത്തിനിരയായത്. ഒരു ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് പീഡന ശ്രമത്തിന് ഇരയായത്.  പെണ്‍കുട്ടി കറി പൗഡറുകളുമായി വീടുകള്‍ കയറുന്നതിനിടെയാണ് റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ആക്രമണമുണ്ടായത്. വഴിയരികില്‍ ഒളിഞ്ഞിരുന്നാണ് യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിച്ച് ആക്രമിച്ചത്. പെണ്‍കുട്ടി ഓടി രക്ഷപെടുന്നതിനിടയില്‍ ഷാളില്‍ ഇയാള്‍ പിടുത്തമിട്ടു. ഷാള്‍ ഉപേക്ഷിച്ച് ഇയാളില്‍ നിന്നും കുതറി ഓടിയ പെണ്‍കുട്ടി തൊട്ടടുത്ത കുറ്റികാട്ടില്‍ വീണു. കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. മലയാളത്തിലായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഭയന്ന് വിറച്ച പെണ്‍കുട്ടിയെ പോലീസ് ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഉടമയെ വിളിച്ചുവരുത്തി കൂടെ പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് പരാതിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായും അതിനാല്‍ കേസ് എടുത്തിരുന്നില്ലെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇത് മുതലാക്കിയാണ് അക്രമിയെ സ്ഥാപനമുടമ രക്ഷപെടുത്തിയതെന്നാണ് ആരോപണം.

യാതൊരു രേഖകളുമില്ലാതെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമാനൂരിലും പരിസരങ്ങളിലും തമ്പടിച്ചിട്ടുണ്ട്. സംഭവദിവസം സന്ധ്യ കഴിഞ്ഞ് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് ഇതരസംസ്ഥാനക്കാരെ റയില്‍വേ സ്റ്റേഷനടുത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞുവെയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിന് പകരം തങ്ങളോട് തട്ടികയറുകയായിരുന്നുവെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. എന്നാല്‍ പൊതുവഴിയില്‍ കാരണമില്ലാതെ ഒരാളെ തടഞ്ഞുവെക്കാനോ ചോദ്യം ചെയ്യാനോ ആര്‍ക്കും അധികാരമില്ലെന്നാണ് പോലീസ് പറയുന്നത്.

ഇതിനുശേഷമാണ് കഴിഞ്ഞ ദിവസം ഫര്‍ണീച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിന്‍റെ ഉടമ ആസാം സ്വദേശിയെ റയില്‍വേ സ്റ്റേഷനടുത്ത് ഒരു ലോഡ്ജില്‍ കൊണ്ടുചെന്ന് താമസിപ്പിച്ചത്. ഇവിടെ താമസിച്ചിരുന്ന മറ്റുള്ളവര്‍ക്ക് സംശയം തോന്നി അയല്‍ക്കാരോട് പറയുകയും അവര്‍ യുവാവിനെ നിരീക്ഷിച്ചുവരികയുമായിരുന്നു. അക്രമി ഇയാളായിരുന്നുവെന്ന് ഉറപ്പാക്കിയശേഷമാണ് തങ്ങള്‍ ഇയാളെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചതെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു. ഏതാനും നാള്‍ മുന്‍പ് വഴിയിലൂടെ നടന്നു പോയ ദമ്പതികളെ ആക്രമിച്ച് വിട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനു പിന്നിലും അന്യസംസ്ഥാനതൊഴിലാളിയായിരുന്നുവത്രേ. ഈ മേഖലയില്‍ മോഷണവും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവരികയാണ്.Share this News Now:
  • Google+
Like(s): 534