02 July, 2018 07:51:42 PM


നിരക്ക് കൂട്ടാമെന്ന് മന്ത്രിയുടെ ഉറപ്പ്, ഓട്ടോ ടാക്‌സി സമരം പിന്‍വലിച്ചു

ജൂലായ് 4 മുതല്‍ അനിശ്ചിത കാലത്തേക്കാണ് പണിമുടക്കാന്‍ തീരുമാനിച്ചത്



തിരുവനന്തപുരം: ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന ഓട്ടോ, ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി തൊഴിലാളി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ ഉന്നയിച്ച നിരക്ക് വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും സമരക്കാര്‍ അറിയിച്ചു.

ഓട്ടോ, ടാക്സി നിരക്കുകള്‍ കാലാനുസൃതമായി പുനര്‍നിര്‍ണയിക്കുക, ടാക്സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് ടാക്സ് അടയ്ക്കണമെന്ന നിബന്ധന റദ്ദാക്കുക, വര്‍ദ്ധിപ്പിച്ച ആര്‍.ടി.ഒ ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ സീലിംഗ് ഒരു ദിവസം വൈകിയാല്‍ 2000 രൂപ പിഴയീടാക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ 8 ലക്ഷത്തില്‍പ്പരം ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ജൂലായ് നാലു മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കാന്‍ തീരുമാനിച്ചത്.



Share this News Now:
  • Google+
Like(s): 29