01 July, 2018 11:43:43 PM


അഫ്ഗാനില്‍ ചാവേറാക്രമണം: 19 മരണം, കൂടുതലും ഹിന്ദുക്കളും സിഖുകാരും

സംഭവം താലിബാനെതിരെ ആക്രമണത്തിന് ഉത്തരവിട്ടതിന് പിന്നാലെ




ജലാലാബാദ്: പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്ബ് കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും ഹിന്ദു, സിഖ് മതവിശ്വാസികളാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 18 ദിവസം നീണ്ടുനിന്ന വെടിനിറുത്തല്‍ അവസാനിപ്പിച്ച്‌ താലിബാനെതിരെ ആക്രമണം നടത്താന്‍ പ്രസിഡന്റ് ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം.

അഷ്‌റഫ് ഗനി സന്ദര്‍ശിക്കാനിരുന്ന പ്രവിശ്യാ ഗവര്‍ണറുടെ വസതിക്ക് മീറ്ററുകള്‍ അകലെയാണ് മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മരിച്ചതില്‍ 12 പേരും ഹിന്ദു, സിഖ് മതവിശ്വാസികളാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ അഫ്ഗാനില്‍ വളരെക്കുറച്ച്‌ ഹിന്ദു, സിഖ് വിശ്വാസികള്‍ മാത്രമേ താമസക്കാരായുള്ളൂ. എന്നാല്‍ ഇവരെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.



Share this News Now:
  • Google+
Like(s): 33