01 July, 2018 09:48:40 PM


വാഹനാപകട കേസുകള്‍ ഇനി ലോക്കല്‍ പൊലിസിന്; ഗതാഗത നിയന്ത്രണം ട്രാഫിക് പൊലിസും

അപകട കേസുകള്‍ ട്രാഫിക് പൊലിസായിരുന്നു കൈകാര്യം ചെയ്തിരുന്നത്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വാഹാനാപകട കേസുകള്‍ ലോക്കല്‍ പൊലിസ് അന്വേഷിക്കും. ഗതാഗത നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം ട്രാഫിക് പൊലിസിനുമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ട്രാഫിക് സംവിധാനം ശക്തമാക്കാനുള്ള നടപടിയുടെ തുടക്കമാണിത്. ഇതിന്റെ ഭാഗമായി ട്രാഫിക് പൊലിസിനെ ഗതാഗത നിയന്ത്രണ രംഗത്ത് കേന്ദ്രീകരിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. കഴിഞ്ഞ മന്ത്രിസഭാ യോഗം എടുത്ത തീരുമാനം ഉടന്‍ നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഗതാഗത നിയന്ത്രണത്തോടൊപ്പം തന്നെ അപകട കേസുകളും കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം ട്രാഫിക് പൊലിസിനായിരുന്നു. കേസന്വേഷണം, കേസ് നടത്തിപ്പ് എന്നിവയ്ക്കായി സേനാംഗങ്ങളെ മാറ്റിനിര്‍ത്തുന്നത് ഗതാഗത നിയന്ത്രണ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രധാന ട്രാഫിക് സ്റ്റേഷനുകളില്‍ 75 നും 150 നും ഇടയില്‍ പൊലിസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനും കോടതി ഡ്യൂട്ടിക്കുമായി നിയോഗിക്കുന്നുണ്ട്. ഈ സംവിധാനത്തിനാണ് മാറ്റം വരുത്തുന്നത്.


റോഡപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണതക്ക് തടയിടാന്‍ ആയെങ്കിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന നിലപാടും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഗതാഗത നിയന്ത്രണത്തിനൊപ്പം നിയമങ്ങള്‍ നടപ്പാകുന്നുണ്ടെന്ന് ട്രാഫിക് പൊലിസ് ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Google+
Like(s): 113