30 June, 2018 11:06:24 PM


എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്ന യുവതിയെ പോലീസ് തെരയുന്നു

തോട്ടയ്ക്കാട് സ്വദേശിനി തട്ടിപ്പിനിരയായത് ബസ് യാത്രയ്ക്കിടെ




കോട്ടയം: ബസ് യാത്രക്കിടയിൽ യുവതിയുടെ ബാഗില്‍ നിന്നും മോഷ്ടിച്ച എടിഎം കാര്‍ഡുപയോഗിച്ച് പണം അപഹരിച്ചതായി പരാതി. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ച പണം അപഹരിച്ചുവെന്ന് സംശയിക്കുന്ന യുവതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 18ന് തോട്ടയ്ക്കാട് നിന്നും കോട്ടയത്തേക്കുള്ള യാത്രാ മധ്യേ തോട്ടയ്ക്കാട് ചിറയ്ക്കല്‍ അനില്‍കുമാറിന്‍റെ ഭാര്യ ശ്രീവിദ്യ അനിൽ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്.

കൊണ്ടോടി എന്ന സ്വകാര്യ ബസില്‍ രാവിലെ 8.55 നും 9.30 നും ഇടയ്ക്ക് ബാഗില്‍ നിന്ന് എടിഎം, പാന്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവ അടങ്ങിയ പേഴ്‌സ് മോഷണം പോയി. വീട് നിർമ്മാണത്തിനായി ലോൺ എടുത്ത് ബാങ്കിൽ നിക്ഷേപിച്ച പണമാണ് നഷ്ടപ്പെട്ടത്. മോഷണം പോയ ദിവസം തന്നെ രാവിലെ ആറുതവണയായി 34000 രൂപ പിൻവലിക്കുകയായിരുന്നു. കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള ഇന്ത്യന്‍ ബാങ്കിന്‍റെ  എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിൻവലിക്കപ്പെട്ടത്. 


ബസില്‍ തിരക്കായിരുന്നതിനാല്‍ ബാഗ് സീറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയെ ഏല്‍പ്പിച്ചിരുന്നു. ഇവരുടെ തൊട്ടടുത്ത് മോഷ്ടാവെന്ന് സംശയിക്കുന്ന സ്ത്രീ ഇരിപ്പുണ്ടായിരുന്നുവത്രേ. ബാഗിന്‍റെ സിബ് തുറന്നാണ് പേഴ്സ് എടുത്തത്. അതിലുണ്ടായിരുന്ന ഒരു ഡയറിയില്‍ പിന്‍ നമ്പര്‍ എഴുതിയിരുന്നത് മോഷ്ടാവിന് എളുപ്പമാകുകയായിരുന്നു.


കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയാണ് മോഷ്ടാവെന്ന് മനസിലായത്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും  ഇവര്‍ വെണ്ണികുളത്തു നിന്നും ബസില്‍ കയറാറുണ്ടായിരുന്നുവെന്നും സംഭവദിവസത്തിന് ശേഷം കണ്ടിട്ടില്ലെന്നും ബസ് ജീവനക്കാര്‍ പറയുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലോ (ഫോണ്‍: 0481 2567210) അനില്‍കുമാറിനെയോ  (ഫോണ്‍: 9847991696)  ബന്ധപ്പെടാവുന്നതാണ്.



Share this News Now:
  • Google+
Like(s): 516