Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

30 June, 2018 08:52:39 PM


ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് ശുചീകരണമില്ല; അറ്റകുറ്റപണികള്‍ മാത്രം

സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന് സ്ഥലമുടമകളുടെ യോഗം വീണ്ടും
ഏറ്റുമാനൂര്‍: വിവാദമായ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തേണ്ടതില്ലെന്ന് തീരുമാനം. പകരം ടൈലുകള്‍ പൊട്ടിപൊളിഞ്ഞതും മറ്റുമായ പൊതുമരാമത്ത് അറ്റകുറ്റപണികള്‍ മാത്രം നടത്തും. ഇത് രണ്ട് ദിവസം മാര്‍ക്കറ്റ് അടച്ചിട്ടാണ് നടത്തുന്നത്. ശനിയാഴ്ച നടന്ന നഗരസഭാ യോഗത്തിലാണ് തീരുമാനം.

ഏറ്റുമാനൂര്‍ നഗരത്തിലെ പ്രധാന മാലിന്യ ഉറവിടമായ മാര്‍ക്കറ്റിലെ  മാലിന്യശുചീകരണവും അറ്റകുറ്റപണികളും നഗരസഭാ ചെലവില്‍ നടത്തുമെന്ന് നേരത്തെ ചെയര്‍മാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് വ്യാപാരികള്‍ സ്വന്തം ചെലവിലാണെന്നും ഇത് ലേലവ്യവസ്ഥയില്‍ ഉള്‍പ്പെടുന്നതാണെന്നും ആരോഗ്യവിഭാഗത്തോട് ആലോചിക്കാതെ എടുത്ത തീരുമാനം തെറ്റായെന്നും ചൂണ്ടികാട്ടി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. മഴക്കാല പൂര്‍വ്വ ശുചീകരണഫണ്ട് ഉപയോഗിച്ച് മാര്‍ക്കറ്റ് ശുചീകരിക്കുന്നതിനെതിരെ മുന്‍ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലും രംഗത്തെത്തിയതോടെ തീരുമാനം വിവാദമാകുകയായിരുന്നു.

ഇന്നലെ നടന്ന നഗരസഭാ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്‌ക്കെത്തി. ശുചീകരണവും അറ്റകുറ്റപണികളും തങ്ങള്‍ നേരിട്ട് നടത്തികൊള്ളാമെന്ന് കാട്ടി വ്യാപാരികള്‍ നല്‍കിയ കത്ത് കൂടി ഉയര്‍ത്തികാട്ടിയായിരുന്നു സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിഷയം അവതരിപ്പിച്ചത്. എന്നാല്‍ മത്സ്യമാര്‍ക്കറ്റ് ഇരിക്കുന്ന കെട്ടിടം നഗരസഭയുടേതായതിനാല്‍ അറ്റകുറ്റപണികള്‍ യഥാസമയം നടത്തണമെന്ന് ബിജു കൂമ്പിക്കന്‍ ആവശ്യപ്പെട്ടു. ഏറെ നേരം നീണ്ടുനിന്ന ബഹളത്തിനുശേഷം മാര്‍ക്കറ്റിലെ അറ്റകുറ്റപണികള്‍ മാത്രം നഗരസഭ നടത്തുവാന്‍ തീരുമാനിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ വ്യാപാരികള്‍ വീഴ്ച വരുത്തിയാല്‍ മാര്‍ക്കറ്റ് പൂട്ടിയിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി മുന്നോട്ടുവെച്ച പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ച മൂലം പ്രാവര്‍ത്തികമാകുന്നില്ലെന്ന് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍ ചൂണ്ടികാട്ടി. ഇതും ബഹളത്തിനിടയാക്കി. കൗണ്‍സില്‍ തീരുമാനമുണ്ടായിട്ടും സീവേജ് ട്രീറ്റ്‌മെന്റിന് ഭരണാനുമതി ലഭിക്കുന്നതിന് കത്ത് നല്‍കിയത് മൂന്ന് മാസത്തിനു ശേഷം. തൂമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്‌കരണം, ഷ്രഡിംഗ് യൂണിറ്റ്, റിംഗ് കമ്പോസ്റ്റ്, വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ പദ്ധതികളെല്ലാം കൗണ്‍സില്‍ അംഗീകാരം ലഭിച്ചിട്ടും ഫയലുകള്‍ നീങ്ങിയില്ല. ഡി ആന്റ് ഓ ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷകളെല്ലാം ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നു. എന്നാല്‍ ഈ ഫയലുകള്‍ തയ്യാറാക്കി നല്‍കേണ്ടത് താനല്ലെന്നും തന്റെ മേശപ്പുറത്ത് വരുന്ന ഫയലുകളില്‍ ഒപ്പിടുകയാണ് തന്റെ ഡ്യൂട്ടിയെന്നും സെക്രട്ടറി പറഞ്ഞു. ഇതെല്ലാം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ജോലിയാണെന്നും അവര്‍ പറഞ്ഞു.

ഇതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റണമെന്ന് കൗണ്‍സിലര്‍ ഉഷാ സുരേഷ് ആവശ്യപ്പെട്ടു.  എന്നാല്‍ ആരെയും സ്ഥലം മാറ്റേണ്ടതില്ലെന്നും കൃത്യസമയത്ത് ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കേണ്ടത് സെക്രട്ടറിയുടെ ചുമതലയാണെന്നും അംഗങ്ങളായ ടോമി പുളിമാന്‍തുണ്ടം, ജോര്‍ജ് പുല്ലാട്ട് എന്നിവര്‍ ചൂണ്ടികാട്ടി. പണിയെടുക്കാത്ത ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാനുള്ള അധികാരം ചെയര്‍മാന് ഉണ്ടെന്നും അത് വിനിയോഗിച്ചാല്‍ നഗരസഭയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവുമെന്നും ബോബന്‍ ദേവസ്യ പറഞ്ഞു. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്ഥലം ഉടമകളുടെ യോഗം ഒരിക്കല്‍ കൂടി വിളിച്ചു ചേര്‍ക്കുവാന്‍ കൗണ്‍സിലില്‍ തീരുമാനിച്ചു. ചെയര്‍മാന്‍ ചാക്കോ ജോസഫ് അധ്യക്ഷനായിരുന്നു.Share this News Now:
  • Google+
Like(s): 314