Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

29 June, 2018 09:33:39 PM


സിഎഫ്ഐ സ്കൂള്‍ എഡ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് മാന്നാനം കെ.ഈ.സ്കൂളിന്

പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ പി.സദാശിവം വിതരണം ചെയ്യും
കോട്ടയം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 2018 ജോണ്‍ പോള്‍ രണ്ടാമന്‍ മെമ്മോറിയല്‍ പുരസ്കാരങ്ങള്‍ ശനിയാഴ്ച ഗവര്‍ണര്‍ പി.സദാശിവം വിതരണം ചെയ്യും. വിദ്യാഭ്യാസമേഖലയില്‍ മാന്നാനം കെ.ഈ.ഇംഗ്ലീഷ് മീഡിയം സ്കൂളിനും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനുമാണ് പുരസ്കാരങ്ങള്‍. കെ.ഈ.സ്കൂളിനു വേണ്ടി പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരിയും അമല്‍ജ്യോതി കോളേജിന് വേണ്ടി മാനേജര്‍ ഫാ.മാത്യു പായിക്കാട്ടും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും.

പൊതുഭരണം, നേതൃത്വപാടവം എന്നിവയില്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ.പി.ജെ.കുര്യന്‍, സാമൂഹ്യസേവനത്തിന് വെള്ളൂര്‍ സ്നേഹദീപം പാലിയേറ്റീവ് കെയര്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ.ജോണി എടക്കര എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കും.  കെ.ഈ.ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം.പി, അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ, ഡോ.മാണി പുതിയിടം എന്നിവര്‍ സംസാരിക്കും. 

മാന്നാനം കെ.ഈ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍


എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ നൂറുമേനി കൊയ്തുകൊണ്ടിരിക്കുന്ന മാന്നാനം കെ.ഈ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷകളിലും മറ്റും ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റികൊണ്ടുള്ള വിജയമാണ് കൈവരിക്കുന്നത്. കേരളാ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. കടുത്തുരുത്തി മുട്ടുചിറ പുല്ലന്‍കുന്നേല്‍ അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്. കൊല്ലം പെരിനാട് ശ്രീശബരിയില്‍ എം ശബരി കൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. കോട്ടയം തെള്ളകം കല്ലുങ്കല്‍ ഡെനിന്‍ ജോസ് മൂന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ ഇതേ സ്കൂളില്‍ നിന്നുള്ള ഋഷികേശ് അഞ്ചാം റാങ്ക് കരസ്ഥമാക്കി.

ഐ.ഐ.ടി പ്രവേശനത്തിന് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ എണ്‍പത്തിയഞ്ചാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും അമല്‍ മാത്യു നേടിയിരുന്നു. ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഈഈ മെയിന്‍) 160ആം റാങ്ക് നേടിയ അമല്‍ മാത്യു കോട്ടയം ജില്ലയില്‍ നിന്നുള്ളവരില്‍ തന്നെ മുന്‍നിരയിലായിരുന്നു. ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഈഈ മെയിന്‍) അഖിലേന്ത്യാ തലത്തില്‍ സ്കോര്‍ ചെയ്ത ആദ്യ ആയിരം പേരില്‍ നാല് പേരും ഗ്രാമീണാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീവിദ്യാലയത്തില്‍ നിന്നുള്ളവരായിരുന്നു. സ്കൂളില്‍ നിന്നുള്ള ഏഴു പേര്‍ ആദ്യത്തെ രണ്ടായിരം റാങ്ക്കാരില്‍ ഉള്‍പ്പെടുകയും ചെയ്തു. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി മാന്നാനം സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ജെഈഈ പരീക്ഷ എഴുതുന്നു. ജെഈഈ പരീക്ഷയില്‍ മാത്രമല്ല കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുതകുന്ന പരീക്ഷകള്‍ക്കെല്ലാം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു എന്നതാണ് കെ.ഈ.സ്കൂളിന്‍റെ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാനാവുക. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 103ആം റാങ്കും സംസ്ഥാനതലത്തില്‍ അഞ്ചാം റാങ്കും നേടിയ മെറിന്‍ മാത്യുവും എയിംസ് പ്രവേശനപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ ജോഷ്വ എബ്രഹാം ഇസഹാക്കും കെ.ഈ സ്കൂളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

ഇക്കൊല്ലം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കെവിപിവൈ (കിഷോര്‍ വൈജ്ഞാനിക പ്രോത്സാഹന്‍ യോജന) പരീക്ഷയിലൂടെ സ്കോളര്‍ഷിപ്പോടുകൂടി ഗവേഷണം നടത്തുന്നതിനു കെ ഈ സ്കൂളില്‍ നിന്ന് 32 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. കേരളത്തിലെ തന്നെ ഏറ്റവും വലിയ റിസള്‍ട്ട്‌ ആയിരുന്നു ഇത്. മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് സ്റ്റേജ് മൂന്ന് പരീക്ഷ എഴുതിയവരില്‍ കേരളത്തില്‍  നിന്നും വിജയം കണ്ട ഏക വിദ്യാര്‍ത്ഥി മാന്നാനം കെ.ഈ സ്കൂളില്‍  നിന്നായിരുന്നു. 

നല്ല പരിശീലനം നല്‍കുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കാത്തതൊന്നുമില്ലെന്ന് കെ.ഈ സ്കൂളിലെ കുട്ടികള്‍ നേടിയ വിജയം തെളിയിക്കുന്നുവെന്ന് പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി പറയുന്നു. നിലവില്‍ ഐഐടി പ്രവേശനം ലഭിക്കുന്നവരില്‍ ആകെ ഒന്നര ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളവര്‍. ശ്രമിച്ചാല്‍ ഇതിനും മാറ്റമുണ്ടാകും. പഠനത്തെ ഒട്ടും പ്രതികൂലമായി ബാധിക്കാതെ പ്ലസ് വണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്കും മറ്റും വിദഗ്ധ പരിശീലനം നല്‍‌കുന്നു എന്നതാണ് മാന്നാനം കെ.ഈ സ്കൂളിന് ഈ നേട്ടങ്ങള്‍ ലഭിക്കുവാനുള്ള പ്രധാന കാരണമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. അ‍ഞ്ചാം തരം മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക അടിസ്ഥാനപരിശീലനവും സ്കൂളില്‍ നല്‍കി വരുന്നു.Share this News Now:
  • Google+
Like(s): 451