29 June, 2018 07:02:09 PM


എസ്​. ജാനകി മരിച്ചെന്ന വ്യാജ വാര്‍ത്ത: ഗായക സംഘടന പരാതി നല്‍കി

രണ്ടാം തവണയാണ്​ എസ്​. ജാനകി മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്




കൊച്ചി: ​ദക്ഷിണേന്ത്യയിലെ മുതിര്‍ന്ന ചലച്ചിത്ര പിന്നണി ഗായിക എസ്​. ജാനകി അന്തരിച്ചുവെന്ന്​ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ 'സമം' നല്‍കിയ പരാതിയില്‍ കേസെടുത്ത്​ അന്വേഷണം നടത്തുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു.


ഇത്​ രണ്ടാം തവണയാണ്​ എസ്​. ജാനകി മരണപ്പെട്ടുവെന്ന്​ തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്​. ഏതാനും മാസങ്ങള്‍ക്ക്​ മുമ്ബ്​ ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ഇനി പൊതുവേദികളിലും ചലച്ചിത്രങ്ങളിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന്​ എസ്​. ജാനകി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അവര്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്​. കഴിഞ്ഞ ദിവസം വീണ്ടും ജാനകി മരിച്ചതായി വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു.


ഇതേ തുടര്‍ന്നാണ്​ മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ 'സമ'ത്തി​​െന്‍റ ജനറല്‍ സെക്രട്ടറി രവിശങ്കര്‍, വൈസ്​ പ്രസിഡന്‍റ്​ രാജലക്ഷ്​മി, നിര്‍വാഹക സമിതിയംഗം അന്‍വര്‍ സാദത്ത്​ എന്നിവര്‍ ചേര്‍ന്ന്​ ഡി.ജി.പി​യെ നേരില്‍ കണ്ട്​ പരാതി നല്‍കിയത്​. പരാതി സ്വീകരിച്ച ഡി.ജി.പി അന്വേഷണത്തിനായി ഉദ്യോഗസ്​ഥരെ ചുമതലപ്പെടുത്തിയതായും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്ന്​ ഉറപ്പു നല്‍കിയതായും 'സമം' ഭാരവാഹികള്‍ അറിയിച്ചു. 



Share this News Now:
  • Google+
Like(s): 31