Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

29 June, 2018 06:54:08 PM


ഏറ്റുമാനൂര്‍ നഗരസഭ: ചെയര്‍മാന്‍റെ രാജി ഒരാഴ്ച കൂടി നീളും

ധാരണ പ്രകാരം അടുത്ത ഊഴം സ്വതന്ത്രനായി ജയിച്ച ജോയി ഊന്നുകല്ലേലിന്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ രാജി ഒരാഴ്ച കൂടി നീളും. മുന്‍ധാരണ പ്രകാരം താന്‍ ജൂണ്‍ മുപ്പതിന് രാജി സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ ചാക്കോ ജോസഫ് (ജോയി മന്നാമല) നേരത്തെ പറഞ്ഞിരുന്നു. മുന്‍ധാരണപ്രകാരം ഇന്നാണ് ചെയര്‍മാന്‍ സ്ഥാനമൊഴിയേണ്ടത്. എന്നാല്‍ അടുത്ത ഊഴം കാത്തിരിക്കുന്ന ജോയി ഊന്നുകല്ലേലുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കുറച്ച് നാള്‍ കൂടി ഇദ്ദേഹം തുടരുന്നത്. മത്സ്യമാര്‍ക്കറ്റ് ശുചീകരണം, പൊതുനിരത്തുകളിലെ ഫ്ലക്സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും നീക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.  

പുതിയ നഗരസഭയായ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍. കാലാവധി രണ്ട് വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിലെ തന്നെ ചില അംഗങ്ങളും കേരളാ കോണ്‍ഗ്രസ്, സ്വതന്ത്ര അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചരടുവലിയില്‍ ജയിംസിന്‍റെ കസേരയ്ക്ക് ഇളക്കം തട്ടി. 29-ാം വാര്‍ഡില്‍ (പാറോലിക്കല്‍) നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോയി മന്നാമല യുഡിഎഫിന്‍റെയും കേരളാ കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെ നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ആറ് മാസത്തേക്കായിരുന്നു ജോയി മന്നാമല അധികാരത്തിലേറിയത്.

അന്നുണ്ടാക്കിയ ധാരണപ്രകാരം ജയിംസിനു പിന്നാലെ നാല് പേരാണ് ചെയര്‍മാന്‍ സ്ഥാനത്തെത്തേണ്ടത്. ജോയി മന്നാമലയ്ക്കു പിന്നാലെ രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ) നിന്നും സ്വതന്ത്രനായി ജയിച്ച ജോയി ഊന്നുകല്ലേല്‍, 24-ാം വാര്‍ഡില്‍ (കണ്ടംചിറ) നിന്നുമുള്ള കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട്, ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുമുള്ള കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കന്‍ എന്നിവര്‍. ജോയി ഊന്നുകല്ലേലിന് ആറു മാസവും ജോര്‍ജ് പുല്ലാട്ടിനും ബിജു കൂമ്പിക്കനും  ഓരോ വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. ഇതിനിടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്കുള്ള ഓരോ മാസം വീതം നാഥനില്ലാത്ത അവസ്ഥ വീണ്ടും നഗരസഭയില്‍ ഉണ്ടാവും. 

മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കലക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ജയിംസ് തോമസ് രാജിവെച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്സണായി. ജോയി മന്നാമല രാജി വെക്കുന്നതോടെ ജയശ്രീയ്ക്ക് ചാര്‍ജ് ലഭിക്കും. Share this News Now:
  • Google+
Like(s): 379